ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വേദിയിലേക്കെത്തിയ രമേശ് പിഷാരടിയോട് ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം അനുകരിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’ ഹരിപ്പാട് എത്തിയപ്പോഴാണ് രമേശ് പിഷാരടി കോണ്‍ഗ്രസിലെത്തുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതും താരം പരിപാടിയുടെ വേദിയിലേക്കെത്തിയതും. വേദിയിലെത്തിയതിന് പിന്നാലെ രാഷ്ട്രീയ പ്രവേശം തുറന്നുപറഞ്ഞ് രമേശ് പിഷാരടിയുടെ വക പ്രസംഗവും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചപ്പോള്‍ പിഷാരടി പറഞ്ഞ മറുപടി സദസ്സ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ‘ഇനി പഴയതുപോലെയല്ല, ഞങ്ങളുടേയെല്ലാം നേതാവാണ് അദ്ദേഹം, ശബ്ദം അനുകരിക്കാന്‍ അനുവാദം വേണം’ രമേശ് പിഷാരടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി അനുവാദം നല്‍കുകയും പിഷാരടി അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തെ അഭിമുഖീകരിക്കുന്ന രീതിയാണ് രമേശ് പിഷാരടി വേദിയില്‍ അവതരിപ്പിച്ചത്. വേദിയില്‍ ഇരുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ നിറഞ്ഞ ചിരിയോടെയാണ് പിഷാരടിയുടെ അനുകരണത്തെ സ്വീകരിച്ചത്.
രമേശ് പിഷാരടിക്ക് പിന്നാലെ ഇടവേള ബാബുവും ഐശ്വര്യകേരള യാത്രയുടെ വേദിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനോടൊപ്പമാണ് തങ്ങള്‍ എന്ന് അറിയിച്ചിരുന്നു. പിഷാരടിയുടെ ഉറ്റ സുഹൃത്ത് കൂടിയായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.