മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി യുഡിഎഫ് നേതൃത്വത്തിലേയ്ക്ക്. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സംഘടനാ ജനറല്‍ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടകമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി.
ഡിസിസി അഴിച്ചുപണിയില്‍ ഹൈക്കമാന്‍ഡ് നിലപാടിന് വഴങ്ങി ഗ്രൂപ്പുകള്‍. പ്രവര്‍ത്തന മികവില്ലാത്തവരെ മാറ്റാമെന്നു ചര്‍ച്ചകളില്‍ നേതാക്കള്‍ യോജിച്ചു. നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ അധികാരത്തിലെത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നത്. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് ഡിസിസി പുനസംഘടനയില്‍ വിട്ടുവീഴ്ചയ്ക്ക് നേതാക്കള്‍ തയ്യാറായത്.
8 ഡിസിസികളില്‍ അഴിച്ചു പണി വേണമെന്നായിരുന്നു സംസ്ഥാന ചുമതലയുള്ള താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ് എന്നി ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും. കൊല്ലം ഡിസിസി അധ്യക്ഷ പദവിയില്‍ വനിത പ്രധിനിധ്യം ആയതിനാല്‍ ബിന്ദു കൃഷ്ണക്ക് ഇളവ് ലഭിക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് ഘടകകക്ഷികള്‍ അടക്കം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ ഉണ്ടകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി പദം ഒഴിയാനുള്ള സന്നദ്ധത ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷയെ അറിയിക്കും. സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയുടെ നീക്കം. നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ ചാണ്ടി.