സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലെത്തിയ തന്റെ കാലില്‍ വീണ് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ കണ്ണുനീര്‍ തന്നെ പൊള്ളിച്ചെന്ന് ഉമ്മന്‍ ചാണ്ടി. ഹൃദയം നുറുങ്ങുന്ന അനുഭവമായിരുന്നു അതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയും പ്രശ്‌നങ്ങളും മുഴുവനായി കേട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്. ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി.
നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി. അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി.
പ്രിയ യുവസ്നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും.