കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചര്‍ച്ച, അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെ അലസിപിരിഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന നിര്‍ദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടു.
കേന്ദ്രം മുന്നോട്ടുവച്ചതിനേക്കാള്‍ മികച്ച നിര്‍ദേശമുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് വിഗ്യാന്‍ ഭവന്‍ സീല്‍ ചെയ്യും. എന്തെങ്കിലും നിദേശമുണ്ടെങ്കില്‍ അതിന് മുന്‍പ് അറിയിച്ചാല്‍ പ്രത്യേക ചര്‍ച്ചയാകാമെന്നും നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കി.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. ഇതോടെ, കേന്ദ്രം നിലപാട് കടുപ്പിച്ചു. ഇതില്‍ കൂടുതല്‍ വഴങ്ങാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രിമാര്‍ വീണ്ടും ചര്‍ച്ചയ്ക്കിരിക്കണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് തീയതി അറിയിക്കാമെന്ന് അറിയിച്ച് പുറത്തേക്ക് പോയി. വിഷയം ചര്‍ച്ച ചെയ്യുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.