മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കളമശേരിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാകും. കളമശേരി സീറ്റ് ഏറ്റെടുത്ത് പകരം വിജയ സാധ്യതയുള മറ്റൊരു സിറ്റ് മുസ്‌ലിം ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം. കളമശേരിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷയും രംഗത്ത്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ കളമശേരി നിയമസഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കില്ല. കേസിനു പുറമെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഇബ്രാഹിം കുഞ്ഞിനെ മത്സരത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നു. അതേസമയം മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അബ്ദുള്‍ ഗഫൂറും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും എറണാകുളം ജില്ലക്കാരനുമായ ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എയുമാണ് പരിഗണനയിലുള്ളത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ പേരും ഉയരുന്നുണ്ട്. ഇതില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകനുതന്നെയാണു പ്രഥമ പരിഗണനയെന്നാണു സൂചന.
മുസ്‌ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും മലപ്പുറത്തിനു പുറത്തുള്ള പ്രധാന നേതാവുമായ ഇബ്രാഹിംകുഞ്ഞിന്റെ താത്പര്യ പ്രകാരം തന്നെയായിരിക്കും കളമശേരിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. അതേസമയം വിജയ സാധ്യതയുള മറ്റൊരു സീറ്റ് മുസ്‌ലിം ലീഗിന് നല്‍കി കളമശേരി കോണ്‍ഗ്രസ് ഏറ്റെടുക്കാനും സാധ്യത. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ അബ്ദുല്‍ മുത്തലീബ് മത്സരിക്കാനാണ് സാധ്യത. മുതിർന്ന ജനകീയ നേതാവിനായി ജില്ലയിലെ കളമശേരി സീറ്റ് പിടിക്കാനുളള ഓട്ടത്തിലാണ് എ ഗ്രൂപ്പ് .
കളമശേരിയില്‍ യുഡിഎഫ് സ്വതന്ത്രനാകാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ ഇതിനോടു പ്രതികരിച്ചിട്ടില്ല.
അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍ കളമശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു പകരം മലബാര്‍ മേഖലയില്‍ ഒരു സീറ്റ് ലീഗിനു നല്‍കുമെന്ന പ്രചാരണങ്ങള്‍ ലീഗ് നേതൃത്വം തള്ളി. എറണാകുളം ജില്ലയില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് കളമശേരി. ഈ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുന്നത് ഉചിതമായിരിക്കില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
അതേസമയം അവസരം മുതലാക്കി പാലാരിവട്ടം അഴിമതി ചര്‍ച്ചയാക്കി കളമശേരി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. ഇതിനായി കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവര്‍ ആലോചിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിനെ ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.
2011ല്‍ കളമശേരി മണ്ഡലം രൂപീകൃതമായതു മുതല്‍ ഇബ്രാഹിം കുഞ്ഞാണ് ഇവിടത്തെ എംഎല്‍എ. 2011ലെ 7,789 വോട്ടിന്റെ ഭൂരിപക്ഷം 2016ലെ ഇടതു തരംഗത്തില്‍ 12,188 ആക്കി ഉയര്‍ത്തി. അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 2,895 വോട്ടുകളുടെ ലീഡ് എല്‍ഡിഎഫിനു മണ്ഡലത്തിലുണ്ട്.