യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കേസ് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കേസില്‍ കേന്ദ്രത്തിന്റെ നിലപാടറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ വാക്കാല്‍ പിന്തുണച്ച കേന്ദ്ര സര്‍ക്കാരിനോട് ഔദ്യോഗിക നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. യെമന്‍ പൗരന്റെ കുടുംബത്തിന് കൈമാറാനുളള മോചനദ്രവ്യം നല്‍കുന്നതിന് വേണ്ടിയുളള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വധശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യെമനിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 70 ലക്ഷം രൂപയാണ് നിമിഷ പ്രിയക്ക് മോചന ദ്രവ്യമായ് നല്‍കേണ്ടി വരുക. ഇതിനായി ഗോത്ര നേതാക്കളെ ഉള്‍പ്പെടുത്തി കോടതിക്ക് പുറത്ത് ആക്ഷന്‍ കൗണ്‍സില്‍ മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തിയിരുന്നത്. എന്നാല്‍ ഈ ശ്രമവും നടന്നില്ല.