കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്. കേസില്‍ കൊലക്കുറ്റം ചുമത്താന്‍ അനുമതി തേടി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഫോറന്‍സിക് റിപ്പോര്‍ട്ടാണ് വഴിത്തിരിവായത്. കുടുംബത്തിലെ മറ്റ് ദുരൂഹമരണങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് നീക്കം.
കരമന കൂടത്തില്‍ കുടുംബത്തില്‍ 15 വര്‍ഷത്തിനിടെ നടന്ന 7 ദുരൂഹ മരണങ്ങളിലെ അന്വേഷണത്തിലാണ് നിര്‍ണ്ണായക വഴിത്തിരിവ്. കുടുംബാംഗമായ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്നാണ് ജില്ല ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2017 ഏപ്രില്‍ 2നാണ് കരമനയിലെ വീട്ടില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണം സംഭവിച്ചത്. ജയമാധവന്‍ കട്ടിലില്‍ നിന്ന് നിലത്ത് വീണപ്പോള്‍ തലയ്ക്കേറ്റ പരിക്കാകാം മരണ കാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കാന്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷ്ണം ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതിലാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായത്. ഇതിന് പുറമെ കേസില്‍ ആരോപണം നേരിടുന്ന കാര്യസ്ഥന് രവീന്ദ്രന് നായരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
സംഭവ ദിവസം മരണം സ്ഥിരീകരിച്ച ശേഷം താനും വീട്ടുജോലിക്കാരി ലീലയും കരമന സ്റ്റേഷനില്‍ പോവുകയും, പിന്നീട് ലീല കൂടത്തില്‍ തറവാട്ടിലേക്ക് മടങ്ങിയെന്നുമാണ് രവീന്ദ്രന് നായര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ സ്റ്റേഷനില്‍ പോയില്ലെന്നും തന്നോട് വീട്ടില്‍ പോകാന്‍ രവീന്ദ്രന് നായര്‍ പറഞ്ഞെന്നുമാണ് ലീലയുടെ മൊഴി. ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിക്കാന്‍ രവീന്ദ്രന് നായര്‍ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ വിളിക്കാതിരുന്നതിലും ദുരൂഹതയുണ്ട്.
കൂടത്തില്‍ കുടുംബത്തിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി നടത്തിയ കൊലപാതകമെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് കേസിലെ അസ്വാഭാവിക മരണം എന്ന വകുപ്പ് മാറ്റി കൊലപാതകം ചുമത്താന്‍ ജില്ല ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ അനുമതി തേടി റിപ്പോര്‍ട്ട് നല്കി. രവീന്ദ്രന് നായരെ വീണ്ടും ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരണത്തിനും ശേഷമായിരിക്കും പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനമെടുക്കുക.