നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവൂ എന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദന്‍. ശബരിമല യുവതീ പ്രവേശന വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ കണ്ണൂര്‍ ജില്ലാ സമ്മേളന വേദിയിലാണ് ശബരിമല വിഷയമടക്കം സൂചിപ്പിച്ചുകൊണ്ട് എംവി ഗോവിന്ദന്റെ പരാമര്‍ശം. ജന്മിത്തത്തിന്റെ പിടിയില്‍ നിന്ന് പോലും മോചിതമാകാത്ത ഇന്ത്യന്‍ സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തെ മനസിലാക്കി മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിസത്തെ തന്നെ ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് ശരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതീകവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് സമ്മതിച്ച എംവി ഗോവിന്ദന്‍ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തോട് മാപ്പ് പറയണമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.