മൂവാറ്റുപുഴ: മൂവാറ്റുപുഴ കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതല്‍ വീട്ടുര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി. മൂവാറ്റുപുഴ കാക്കനാട് റോഡിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള മൂവാറ്റുപുഴ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും നാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ മൂവാറ്റുപുഴ-കാക്കനാട് റോഡ് ആരംഭിക്കുന്നത് മൂവാറ്റുപുഴ നഗരസഭയിലെ എം.സി.റോഡിലെ വാഴപ്പിള്ളിയില്‍ നിന്നുമാണ്. റോഡിന്റെ അഞ്ച് കിലോമീറ്റര്‍ വരുന്ന പായിപ്ര പഞ്ചായത്ത് അവസാനിക്കുന്ന വീട്ടൂര്‍ വരെയുള്ള ഭാഗമാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ഈ ഭാഗം ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനാണ് 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച നാല് കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്.
മൂവാറ്റുപുഴയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ ബി.എം. ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്തപ്പോള്‍ മൂവാറ്റുപുഴ-കാക്കനാട് റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതിനായി സര്‍വ്വേ ഇന്‍വെസ്റ്റിഗേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ഡീറ്റേല്‍ഡ് പ്രൊജക്ട് തയ്യാറാക്കുകയും, സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിനും നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 1600 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സ്ഥലമെടുപ്പിനും റോഡ് നിര്‍മ്മാണത്തിനുമായി തയ്യാറാക്കിയത്. എന്നാല്‍ റോഡ് നിര്‍മ്മാണം അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധവും ശക്തമായതോടെ നാലുവരി പാതയ്ക്ക് കാത്ത് നില്‍ക്കാതെ തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ ഭാഗവും കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ മനക്കകടവ് മുതല്‍ നെല്ലാട് വരെയുള്ള ഭാഗം ബി.എം, ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചത്.
റോഡ് ബിഎം ബിസി നിലവാരത്തില്‍ ടാര്‍ചെയ്യുന്നതിനും വെള്ളകെട്ടുള്ള ഭാഗങ്ങളിലെ ഒടകളുടെയും കലങ്കുകളുടെയും നവീകരണവും മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ളക്സ് ലൈറ്റുകളടക്കം സ്ഥാപിച്ച റോഡ് മനോഹരമാക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ഇതോടൊപ്പം തന്നെ റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും എംഎല്‍എ പറഞ്ഞു.