മുവാറ്റുപുഴയുടെ നഗരവീഥികള്‍ക്ക് ഇരുള്‍ പരക്കുമ്പോള്‍ ഇനി ആശങ്കകള്‍ വേണ്ട. നഗരത്തിന്റെ ഗുരുതര പ്രശ്‌നത്തിന് സ്ഥാനം ഏറ്റെടുത്ത് കൃത്യം ഒരു മാസത്തിനുള്ളില്‍ തന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ചെയര്‍മാന്‍ പി. പി. എല്‍ദോസ്. നഗരത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ പുളിഞ്ചുവട് കവല, മാര്‍ക്കറ്റ്, ചാലിക്കടവ് പാലം, കൂടാതെ ബിഒസി, പിഒ ജങ്ക്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്‌ക് ലൈറ്റുകള്‍ ഉള്‍പ്പടെ രണ്ട് വര്‍ഷം മേല്‍ വാറണ്ടിയുള്ള ഉന്നത നിലവാരത്തിലുള്ള 130 എല്‍ഇഡി ലൈറ്റുകള്‍ ആണ് ഇന്നലെ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്ത് നഗരത്തെ പ്രകാശ ഭരിതമാക്കിയത്.
മുനിസിപാലിറ്റിയുടെ ധനലഭ്യത ഈ വിഷയത്തെ ബാധിപ്പിക്കാതെ, കൃത്യമായ കൂടിയാലോചനകളിലുടെയും, സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തില്‍ ചെയര്‍മാനൊപ്പം സ്‌പോണ്‍സര്‍മാരായി മുവാറ്റുപുഴയുടെ പാരമ്പര്യങ്ങള്‍ പേറുന്ന ശ്രീമൂലം ക്ലബും, എംടിഎ ഭാരവാഹികളും,അതിനൊപ്പം ക്ലബ് പ്രസിഡന്റ് സജീവ് മാത്യൂ, സാബു ചെറിയാന്‍ മടക്കേല്‍, രാജു ചാക്കോ, ജോസ് വര്‍ക്കി കാക്കനാട്ട്, അജ്മല്‍ ചക്കുങ്ങള്‍ എന്നിവര്‍ ഒരുമിച്ചപ്പോള്‍ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി.