മൂവാറ്റുപുഴ മുനിസിപ്പല്‍ നഗരസഭക്ക് വേണ്ടി അവതരിപ്പിച്ച ബഡ്ജറ്റ് തീര്‍ത്തും നിരാശ മാത്രം സമ്മാനിക്കുന്നതെന്ന് ആക്ഷേപം. ഊതി പെരുപ്പിച്ച ബഡ്ജറ്റില്‍ വ്യക്തമായ വികസന കാഴ്ചപ്പാടോ, സാമ്പത്തിക കാഴ്ചപ്പാടോ ഉള്‍ക്കൊള്ളുന്നില്ല. സംസ്ഥാന ഗവണ്‍മെന്റിന്റെ പദ്ധതികളെ സ്വന്തം പദ്ധതികളാക്കി മാറ്റുന്ന ബഡ്ജറ്റായി ഈ ബഡ്ജറ്റ് മാറിയെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ വിമര്‍ശിച്ചു.
തനതു വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ഒന്നും വകയിരുത്താത്ത ബഡ്ജറ്റ് കോടികളുടെ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കാന്‍ പോകുന്നത്. ഓരോ പദ്ധതിയും എങ്ങിനെ നടപ്പിലാക്കും എന്നതിനെ സംബന്ധിച്ച് കാഴ്ചപ്പാടുകള്‍ ഇല്ലാതെ അവതരിപ്പിച്ചിട്ടുള്ള ബഡ്ജറ്റ് നഗരസഭയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിധത്തിലും ഗുണകരമാവില്ല. മുന്‍ കൗണ്‍സില്‍ തുടങ്ങി വെച്ച പദ്ധതികളെ പറ്റിയുള്ള പരാമര്‍ശം പോലും ബഡ്ജറ്റില്‍ അവതരിപ്പിക്കപ്പെട്ടില്ലെന്നും വിമര്‍ശനം.
ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാത്ത ബഡ്ജറ്റ് എന്നത് കൊണ്ടും പരിഹരിക്കാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളെ പരിഗണിക്കാന്‍ പോലും ചെയ്യാത്ത സാഹചര്യത്തില്‍ ജനവിരുദ്ധ ബഡ്ജറ്റില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സില്‍ അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി പോയി പ്രതിഷേധിച്ചു.
തുടര്‍ന്ന് നടന്ന പ്രധിഷേധ യോഗത്തില്‍ ആര്‍ രാകേഷ്, കെജി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പിവി രാധാകൃഷ്ണന്‍, നിസ അഷ്റഫ്, ജാഫര്‍ സാദിഖ്, പിഎം സലിം, സുധ രഘുനാഥ്, നെജില ഷാജി, ഫൗസിയ അലി, മീര കൃഷ്ണന്‍, സെബി കെ സണ്ണി എന്നിവര്‍ പങ്കെടുത്തു.