മൂവാറ്റുപുഴ: കായിക മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയേകി ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആദ്യ ഇന്റോര്‍ സ്റ്റേഡിയം മൂവാറ്റുപുഴയില്‍ ഒരുങ്ങുന്നു. മൂവാറ്റുപുഴ പി.പി. എസ്‌തോസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 18ന് വൈകിട്ട് അഞ്ചിന് കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വ്വഹിക്കും. സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.
മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്റോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനാണ് കിഫ്ബിയില്‍ നിന്നും 32.14 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിറ്റ്‌കോ തയ്യാറാക്കിയ രൂപരേഖയില്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍, ബാസ്‌കറ്റ്, ടെന്നീസ്, വോളിബോള്‍ കോര്‍ട്ടുകള്‍ നിര്‍മിക്കും. ഇതോടൊപ്പം എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്കും, ആണ്‍ കുട്ടികള്‍ക്കും, പെണ്‍ കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലും ഒരുക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന് നിവേദനം നല്‍കിയിരുന്നു.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിരവധി കായിക താരങ്ങള്‍ പരിശീലനത്തിനും മറ്റും മുനിസിപ്പല്‍ സ്റ്റേഡിയത്തിനെയാണ് ആശ്രയിക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കഴിഞ്ഞാല്‍ രണ്ടാമത്തെ വലിപ്പമുള്ള സ്റ്റേഡിയമാണ് മൂവാറ്റുപുഴയിലേത്. ഇഇസി മാര്‍ക്കറ്റിനു സമീപം പതിനാല് ഏക്കറിലായി അന്തര്‍ദേശീയ നിലവാരത്തിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. 2008-ലാണ് ആധുനിക സ്റ്റേഡിയം നിര്‍മാണത്തിന് പദ്ധതി തയാറാക്കിയതും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. സ്റ്റേഡിയം നിര്‍മാണത്തിന് ഇതുവരെ ചെലവായത് 6.36 കോടി രൂപയാണ്. പ്രാരംഭ നിര്‍മാണത്തിന് അന്നു കായിക മന്ത്രിയായിരുന്ന എം. വിജയകുമാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നു നാലു കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്.
സംസ്ഥാന സര്‍ക്കാരിനുപുറമെ കേന്ദ്രസ്‌പോര്‍ട്‌സ് കൗണ്‍സിലും 10 ലക്ഷം രൂപ നല്‍കി. പവലിയന്‍ നിര്‍മാണത്തിന് 2.26 കോടി രൂപയും അനുവദിച്ചു. ഇതില്‍ 1.26 കോടി എംഎല്‍എയുടെയും, ശേഷിക്കുന്ന ഒരു കോടി നഗരസഭയുമാണ് അനുവദിച്ചത്. 25,000 പേര്‍ക്കിരുന്ന് മല്‍സരം കാണാവുന്ന തരത്തിലാണ് ഗാലറി നിര്‍മിച്ചിട്ടുള്ളത്. കിഴക്കന്‍ മേഖലയിലെ ആദ്യ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിരവധി കായിക മത്സരങ്ങള്‍ക്ക് മൂവാറ്റുപുഴ വേദിയാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.