മുത്തൂറ്റ് ഫിനാന്‍സിന്റെ ബെംഗലൂരു- ഹൊസൂര്‍ റോഡ് ശാഖയില്‍ ജനുവരി 22-ന് ആയുധങ്ങളുമായെത്തി കവര്‍ച്ച നടത്തിയ ഏഴു കവര്‍ച്ചക്കാരേയും പൊലീസ് അറസ്റ്റു ചെയ്തു. ശാഖയില്‍ നിന്ന് പത്തു കോടി രൂപ വിലമതിക്കുന്ന 23 കിലോഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്തവരെയാണ് സംഭവം നടന്ന് 24 മണിക്കൂറിനകം പൊലീസ് പിടികൂടിയത്. ഇവര്‍ കവര്‍ന്നെടുത്ത സ്വര്‍ണം ജനുവരി 23-ന് രാവിലെ തന്നെ പൂര്‍ണമായി കണ്ടെടുക്കുകയും ചെയ്തു.
കവര്‍ച്ചക്കാരെ ഉടന്‍ പിടികൂടാനും കവര്‍ച്ച ചെയ്ത സ്വര്‍ണം പൂര്‍ണമായി കണ്ടെടുക്കാനും ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച തെലുങ്കാനാ പൊലീസ്, തമിഴ്നാട് പൊലീസ്, കര്‍ണാടക പൊലീസ് എന്നിവരോട് തങ്ങള്‍ നന്ദി പറയുന്നതായി കമ്പനി വ്യക്തമാക്കി. കണ്ടെടുത്ത സ്വര്‍ണം ഇപ്പോള്‍ സൈബരാബാദ് പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. തെലുങ്കാനയിലേയും തമിഴ്നാട്ടിലേയും ഡിജിപിമാരോടും തങ്ങളെ പിന്തുണച്ച രണ്ടു സംസ്ഥാനങ്ങളിലേയും എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടുമുള്ള നന്ദിയും ഞങ്ങള്‍ രേഖപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. സ്വര്‍ണം ഉടന്‍ തന്നെ തങ്ങള്‍ക്കു തിരികെ ലഭ്യമാകുമെന്നും അതുവഴി ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്കു നല്കാനാവുമെന്നുമാണു പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു.
തങ്ങളുടെ ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പ്രവര്ത്തിക്കാനാവുന്ന സാഹചര്യങ്ങള്‍ നല്കുന്നതിനുമാണ് മുത്തൂറ്റ് ഫിനാന്‍സില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന പരിഗണനയെന്ന് മൂത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സംഭവം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ പൂര്‍ണ സഹകരണവും പിന്തുണയും നല്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ യുക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പക്കല്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം എപ്പോഴും പൂര്‍ണമായി ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും സാമ്പത്തിക നഷ്ടം നേരിടേണ്ടി വരില്ലെന്ന് കമ്പനി വീണ്ടും വ്യക്തമാക്കി. വിശ്വാസ്യതയും ബന്ധങ്ങളും അധിഷ്ഠിതമായ മുത്തൂറ്റിന്റെ സംസ്ക്കാരം തങ്ങള്‍ ഉറപ്പാക്കുമെന്നും അതു മാറ്റമില്ലാതെ തുടരുമെന്നും കമ്പനി വ്യക്തമാക്കി. ശാഖകളിലെ ജീവനക്കാര്‍ സുരക്ഷിതമായ ജോലി സ്ഥലത്തു തുടരുന്നു എന്നുറപ്പാക്കാന്‍ ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും. ഇപ്പോഴുണ്ടായതു പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും തങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി.