കുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവമാക്കി മുസ്ലീംലീഗ്. പരിചയസമ്പന്നര്‍ ലോക്‌സഭയിലേക്ക് മത്സരിക്കട്ടേയെന്നാണ് ലീഗ് തീരുമാനം. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെഎന്‍എ ഖാദര്‍, അബ്ദുസമദ് സമദാനി, എന്‍. ഷംസുദ്ദീന്‍ എന്നിവരുടെ പേരുകളാണ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളത്. നിയമസഭയിലേക്ക് യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനാല്‍ ലോക്സഭയിലേക്ക് പരിചയസമ്പന്നരെ പരിഗണിക്കാമെന്നാണ് ലീഗ് തീരുമാനം. ഇക്കാര്യത്തില്‍ ഈയാഴ്ച തന്നെ ലീഗ് അന്തിമ തീരുമാനം കൈക്കൊള്ളും.
കഴിഞ്ഞ തവണ താനൂരില്‍ അടിപതറിയ അബ്ദുറഹ്മാന്‍ രണ്ടത്താണിക്കോ വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറിനോ സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ സാധ്യതകളേറെയാണ്. അബ്ദുസമദ് സമദാനി, എന്‍. ഷംസുദ്ദീന്‍ എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ഇന്നും നാളെയുമായി നടക്കുന്ന കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം ലീഗ് മലപ്പുറം സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് സജീവമായി പ്രവേശിക്കും. നിയമസഭയിലേക്ക് മത്സരിക്കാന്‍ തയാറെടുക്കുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വേങ്ങരയില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.