മൂവാറ്റുപുഴ നഗരസഭയുടെ 14.41 ഏക്കര്‍ സ്ഥലവും സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആധുനിക ഫിഷ് മാര്‍ക്കറ്റും ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിനും (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പോര്‍ട്‌സ് & യൂത്ത് അഫേയ്‌സ്) നഗരസഭ വിട്ടുകൊടുത്തിരിക്കുന്നു. കഴിഞ്ഞ കൗണ്‍സിലിന്റെ കാലഘട്ടത്തില്‍ കൗണ്‍സില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. കഴിഞ്ഞ കൗണ്‍സിലില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഈ തീരുമാനത്തിന് എതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എറണാകുളം എന്നാണ് ഈ സ്റ്റേഡിയത്തിന്റെ പേര്. മൂവാറ്റുപുഴ നഗരസഭയുടെ 14.41 ഏക്കര്‍ സ്ഥലവും നിര്‍മ്മാണങ്ങളും കൈമാറുമ്പോള്‍ സ്റ്റേഡിയത്തിന് പോലും മൂവാറ്റുപുഴയുടെ പേര് വരുന്നില്ല. നഗരസഭ സെക്രട്ടറി ഒപ്പിട്ടിരിക്കുന്ന ങ.ഛ.ഡ അനുസരിച്ച് ഈ നഗരസഭയ്ക്ക് പുതിയ സ്റ്റേഡിയവുമായി ഒരുബന്ധവുമില്ല. സ്റ്റേഡിയത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൈകളില്‍ എത്തുകയാണ്.
32.55 കോടി രൂപയ്ക്ക് നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും കായികതാരങ്ങള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട സമുച്ഛയവും, സിന്തറ്റിക് ട്രാക്കും നിര്‍മ്മിക്കുന്നത് എല്ലാവര്‍ഷവും വെള്ളം കയറുന്ന സ്ഥലത്താണ്. മൂവാറ്റുപുഴയില്‍ കഴിഞ്ഞ കൗണ്‍സിലുകള്‍ നിര്‍മ്മിച്ച ആധുനിക അറവുശാല, അര്‍ബണ്‍ ഹട്ട്, സ്റ്റേഡിയത്തിന്റെ സ്ഥലത്ത് നിര്‍മ്മിച്ച ആധുനിക ഫിഷ് മാര്‍ക്കറ്റ് എന്നിവയുടെ സ്ഥിതി മൂവാറ്റുപുഴ നിവാസികള്‍ക്ക് ബോധ്യമുണ്ട്. നമ്മുടെ നികുതി പണംകൊണ്ട് നിര്‍മ്മിച്ച സ്റ്റേഡിയവും പവലിയനും, ആധുനിക ഫിഷ് മാര്‍ക്കറ്റും, പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയം വരുമ്പോള്‍ മൂവാറ്റുപുഴ നിവാസികള്‍ക്ക് നഷ്ടമാകുന്നു. മൂവാറ്റുപുഴ നഗരസഭയ്ക്ക് സ്റ്റേഡിയത്തിന്റെ ആവശ്യമുണ്ടെങ്കില്‍ രണ്ട് ആഴ്ചയ്ക്ക് മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും അനുമതി വാങ്ങേണ്ട സാഹചര്യമാണ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിന് വച്ചിരിക്കുന്ന എട്ട് അംഗസമിതിയില്‍ നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും, എം.എല്‍.എ.യും മാത്രമാണ് അംഗങ്ങളായുള്ളത്. മറ്റുള്ളവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സര്‍ക്കാരിന്റെയും പ്രതിനിധികളാണ്.
നിര്‍മ്മാണ ചുമതല വഹിക്കുന്നവര്‍ വെള്ളം കയറി സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും നശിക്കാത്ത രീതിയില്‍ മണ്ണിട്ട് ഉയര്‍ത്തി നിര്‍മ്മിക്കണം. നഗരസഭയ്ക്ക് സ്റ്റേഡിയത്തില്‍ തുല്യ അധികാരവും വരുമാനത്തിന്റെ പകുതിയും നഗരസഭയ്ക്ക് കിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചന്ദ്രശേഖര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം മൂവാറ്റുപുഴ-എറണാകുളം എന്ന് നാമകരണം ചെയ്യണം.
മൂവാറ്റുപുഴയിലെ കായിക പ്രതിഭകള്‍ക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് പൂര്‍വ്വികരായ നഗരസഭാ ഭരണാധികാരികള്‍ ഈ സ്റ്റേഡിയത്തിന് തുടക്കം കുറിച്ചത്. ഇന്ന് അത് നഷ്ടമാവുക മാത്രമല്ല നഗരസഭക്ക് ഒരു അധികാരവുമില്ലാത്ത സ്ഥിതിയിലേയ്ക്ക് കഴിഞ്ഞ കൗണ്‍സില്‍ എടുത്ത തീരുമാനം പുന:പരിശോധിക്കുകയും മൂവാറ്റുപുഴ നിവാസികള്‍ക്ക് പ്രയോജനം കിട്ടുന്ന നടപടികളും നഗരസഭയ്ക്ക് വരുമാനം കിട്ടുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന എ.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.