ഇടത് മുന്നണിവിട്ട് യുഡിഎഫിലേക്കെത്തുന്ന പാലാ എംഎല്‍എ മാണി സി കാപ്പനെ പ്രതിരോധത്തിലാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടകക്ഷിയായി യുഡിഎഫിലേക്ക് കാപ്പന്‍ എത്തുന്നതില്‍ മുല്ലപ്പള്ളിയടക്കം ഒരു വിഭാഗം എതിര്‍പ്പുന്നയിക്കുന്നു.
മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു. ഒരു കോണ്‍ഗ്രസുകാരനായി അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ഘടകകക്ഷിയായി എങ്ങനെയാണ് വരുന്നതെന്ന പൂര്‍ണ്ണരൂപം കിട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പുതിയ പാര്‍ട്ടി നാളെ പ്രഖ്യാപിച്ച് ഘടകകക്ഷിയായി യുഡിഎഫ് പ്രവേശനം നേടണമെന്നായിരുന്നു കാപ്പന്റെ കണക്കുകൂട്ടല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം കാപ്പന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതിനിടെയാണ് കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന ആവശ്യം മുല്ലപ്പള്ളി മുന്നോട്ട് വെക്കുന്നത്.
പിജെ ജോസഫിന്റെ പാര്‍ട്ടിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ലയിച്ച് വരണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. വലിയ ജനപിന്തുണയില്ലാത്ത ഒരു പുതിയ ഘടകകക്ഷി യുഡിഎഫിലേക്ക് വരണമെന്നതിനോട് മുല്ലപ്പള്ളിയും യോജിക്കുന്നില്ല. കാപ്പന്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുകയാണെങ്കില്‍ അത് പാര്‍ട്ടിക്ക് ഒരു സീറ്റാകുമെന്നും മുല്ലപ്പള്ളി കണക്ക് കൂട്ടുന്നു.