കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി അംഗീകരം നേടാന്‍ കഴിയാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കളിക്കരുതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറെ പി.കെ നവാസും, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഒന്നര ലക്ഷത്തോളം പേര്‍ ഇപ്പോൾ ഉന്നത വിദ്യാഭ്യാസം നേടുന്നത് സംസ്ഥാനത്തെ വിദൂര പ്രൈവറ്റ് രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗിച്ചാണ്. എന്നാൽ കഴിഞ്ഞ വര്‍ഷം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സ് വന്നതോടെ സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം നിര്‍ത്തലാക്കിയ നിയമം വന്നിരുന്നു. എന്നാൽ ചില സര്‍വ്വകലാശാലകള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇളവ് നേടിയെടുത്തിരുന്നു. പക്ഷേ ഇത് ഫലത്തില്‍ സംസ്ഥാനത്തെ ഒരു സര്‍വ്വകലാശാലക്കും വിദൂര, പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി കോഴ്സുകള്‍ ആരംഭിക്കാനുള്ള സാഹചര്യമാണ് ഇല്ലാതാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിച്ചതെന്നും ഫലത്തില്‍ ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ പഠന സ്വപ്നങ്ങളാണ് നിലച്ചിരിക്കുന്നതെന്നും എം.എസ്.എഫ് ആരോപിച്ചു. വിഷയത്തിൻ്റെ ഗൗരവം മനസ്സിലായിട്ടും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ നടപടി എടുക്കാത്ത പക്ഷം കേരളത്തിലെ വിദ്യാര്‍ത്ഥി യുവജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിന് എം.എസ്.എഫ് ശക്തമായി സമര രംഗത്തുണ്ടാകുമെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.