കോണ്‍ഗ്രസിലെ പാര്‍ലമെന്റ് അംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിന്റെ ഒന്നില്‍ അധികം ലോക സഭാംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്ന സംസ്ഥാനത്ത് നിന്നുള്ള എംപിമാരെ കോണ്‍ഗ്രസ് അധ്യക്ഷ നേരിട്ട് ഇക്കാര്യം അറിയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദം എംപിമാര്‍ ഹൈക്കമാന്‍ഡില്‍ വീണ്ടും ചെലുത്തി തുടങ്ങിയിരുന്നു. സമുദായ സംഘടനാ നേതാക്കന്മാരുടെ പിന്തുണ അവകാശപ്പെട്ടും ചില എംപിമാര്‍ മത്സരിക്കാനുള്ള അവസരം സമീപ ദിവസങ്ങളില്‍ തേടി.
ഈ സാഹചര്യത്തിലാണ് ഒരു പൊതുനിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തുന്നത്. സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളിലെ ആര്‍ക്കും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാഗ്യപരീക്ഷണത്തിന് അവസരം നല്‍കില്ല. സോണിയ ഗാന്ധി തന്നെ ഇക്കാര്യം സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളെ അറിയിക്കും.
ബജറ്റ് സമ്മേളനത്തിന് എത്തുമ്പോഴാകും നയം ഹൈക്കമാന്‍ഡ് വ്യക്തമാക്കുക. എതിര്‍പ്പ് ശക്തമാക്കുന്നവര്‍ സംഘടനാ നടപടികള്‍ നേരിടേണ്ടി വരും എന്ന മുന്നറിയിപ്പും ഹൈക്കമാന്‍ഡ് നല്‍കുമെന്നാണ് സൂചന.