എറണാകുളം: പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന ധനസഹായമായി ജില്ലയില്‍ വിതരണം ചെയ്തത് 3,28,95000 രൂപ. ഈ സാമ്പത്തിക വര്‍ഷം 2020 ഡിസംബര്‍ 31 വരെ ആകെ 439 പേര്‍ക്കാണ് ധനസഹായം നല്‍കിയത്. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 75000 രൂപയാണ് ധനസഹായം നല്‍കുന്നത്. വിവാഹം നിശ്ചയിച്ച ശേഷം പെണ്‍കുട്ടിയുടെയും പിതാവിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് തദ്ദേശ സ്ഥാപനങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
മിശ്രവിവാഹിതര്‍ക്ക് വിവാഹശേഷം സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള ധനസഹായമായി ജില്ലയില്‍ 57,75000 രൂപയാണ് വിതരണം ചെയ്തത്. മിശ്രവിവാഹത്തെ തുടര്‍ന്ന് ക്ലേശ മനുഭവിക്കുന്നവര്‍ക്ക് അതു ലഘൂകരിക്കുന്നതിനായാണ് സഹായം നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2020 ഡിസംബര്‍ 31 വരെ 76 പേര്‍ക്കാണ് സഹായം ലഭിച്ചത്. മിശ്രവിവാഹിതരില്‍ ഒരാള്‍ പട്ടികജാതിക്കാരനാകുന്ന സാഹചര്യത്തിലാണ് സഹായത്തിന് അര്‍ഹത. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷവും മൂന്നു വര്‍ഷത്തിനുള്ളിലും അപേക്ഷിക്കണം.
ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം വാര്‍ഷിക വരുമാനം. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ തദ്ദേശ സ്ഥാപന പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിവാഹ സര്‍ട്ടിഫിക്കറ്റ്, കോ- ലിവിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയും സമര്‍പ്പിക്കണം.