പെരുമ്പാവൂര്‍: മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് മാര്‍ച്ച് പതിനഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കി. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജിന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. റോഡ് നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പെരുമ്പാവൂര്‍ കുന്നത്തുനാട് മണ്ഡലങ്ങളിലായാണ് റോഡ് നിര്‍മാണം.
രണ്ട് വര്‍ഷം പിന്നിട്ടിട്ടും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തത് അനാസ്ഥയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി കുറ്റപ്പെടുത്തി. 11 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡിന്റെ 3 കിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. കലുങ്കുകളുടെയും കാനകളുടെയും നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. 11 കലുങ്കുകളാണ് പദ്ധതിയില്‍ ഉള്ളത്. 3 എണ്ണം കൂടി പൂര്‍ത്തിയാകുവാനുണ്ട്. കാനകളുടെയും നിര്‍മ്മാണവും ഇതോടൊപ്പം നടക്കുകയാണ്. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 96 അവലോകന യോഗങ്ങള്‍ നേരിട്ടും ഫോണ്‍ വഴിയും നടത്തിയിട്ടും റോഡ് നിര്‍മാണം ഇഴയുന്നതിന് ന്യായികരണമില്ലെന്നും അനാസ്ഥ വെടിഞ്ഞു വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കണം.
2.5 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ഇളക്കി ഉറപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. ഇവിടെ ജി.എസ്.ബി മിക്‌സ് ഇട്ട് റോഡ് ബലപ്പെടുത്തുന്ന പ്രവൃത്തി വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഡി.ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യേണ്ട ഭാഗത്തിന്റെ ലെവല്‍സ് എടുത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജി.എസ്.ബി മിക്‌സ് ഉപയോഗിച്ചു റോഡ് ബലപ്പെടുത്തിയതിന് ശേഷം ടാറിംഗ് ആരംഭിക്കും.