പാലായില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങി മാണി സി. കാപ്പന്‍ വിഭാഗം. പാലാ സീറ്റ് നല്‍കാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി കാപ്പന്‍. എന്നാല്‍ ഇപ്പോള്‍ ഈ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും എന്‍സിപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചിരുന്നില്ല. രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം.
അതേസമയം, എന്‍സിപിയില്‍ ഭിന്നത രൂക്ഷമായിരിക്കെ സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ ഇന്ന് മുംബൈയിലെത്തി ശരദ് പവാറിനെ വീണ്ടും കാണും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും എല്‍ഡിഎഫില്‍ അവഗണന നേരിടുന്ന വിഷയങ്ങളും പാര്‍ട്ടി അധ്യക്ഷനെ ബോധിപ്പിക്കും.
എല്‍ഡിഎഫില്‍ നിന്നു അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ മറ്റു സാധ്യതകള്‍ നോക്കാമെന്നാണ് പവാറിന്റെ അഭിപ്രായം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് കൂടുതല്‍ സീറ്റ് വാഗ്ദാനം ചെയ്താല്‍ യുഡിഎഫിന് അനുകൂലമായ നിലപാട് പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. പ്രശ്നപരിഹാരത്തിന് ശരദ് പവാര്‍ ഉടന്‍ കേരളത്തിലെത്തുമെന്നാണ് സൂചന.