പാലാ: ഇടതു ബന്ധം ഉപേക്ഷിച്ച് മാണി സി കാപ്പന്‍ യുഡിഎഫില്‍. ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടു, യുഡിഎഫ് ഘടകകക്ഷിയായി ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഐശ്വര്യ കേരളയാത്രയില്‍ തന്റെ ശക്തി തെളിയിക്കും. എല്‍ഡിഎഫ് തന്നോട് നീതികേട് കാണിച്ചുവെന്നും പാലായിലെ ജനങ്ങള്‍ തന്നോടൊപ്പമുണ്ടെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന പ്രഖ്യാപനം ഇന്നുണ്ടാവും. തീരുമാനം തനിക്ക് അനുകൂലവുമെന്നും കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. 17 സംസ്ഥാന ഭാരവാഹികളില്‍ ഒന്‍പത് പേരും ഏഴ് ജില്ല പ്രസിഡന്റുമാരും തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടിയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും. 101 ശതമാനവും അക്കാര്യത്തില്‍ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും , 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.