എന്‍സിപി എല്‍ഡിഎഫില്‍ തുടരുമോയെന്നതില്‍ തീരുമാനം ഇന്ന്. ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും പ്രഫുല്‍ പട്ടേലുമായും മാണി സി കാപ്പനും സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും നടത്തുന്ന കൂടിക്കാഴ്ചയാകും നിര്‍ണായകമാകുക. പാലായില്‍ തന്നെ മത്സരിക്കും എന്ന ഉറച്ച തിരുമാനം മുന്‍കൂറായി പ്രഖ്യാപിച്ചാണ് മാണി സി കാപ്പന്‍ ഇന്ന് ദേശീയ നേതൃത്വത്തെ കാണുന്നത്. ഈ സാഹചര്യത്തില്‍ എന്‍സിപി നേതൃത്വത്തിന് മാണി സി കാപ്പന് ഒപ്പം നില്‍ക്കണോ അതോ വേണ്ടയൊ എന്നത് മാത്രം തീരുമാനിച്ചാല്‍ മതി. യോഗ ശേഷം മുന്നണി മാറ്റത്തില്‍ തീരുമാനമറിയാമെന്ന് കാപ്പന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം കാപ്പന് ഒപ്പം നില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടി ഇടത് മുന്നണി വിടുന്നതായ പ്രഖ്യാപനം ഉണ്ടാകും. അഥവാ മറിച്ചാണെങ്കില്‍ പാര്‍ട്ടി പിളരുന്നതായും തന്റെ കൂടെ ഉള്ളവര്‍ യുഡിഎഫിന്റെ ഭാഗമാകും എന്നും മാണി സി കാപ്പന്‍ പ്രഖ്യാപിക്കും.
ദേശീയ നേത്യത്വത്തില്‍ എ കെ ശശീന്ദ്രന്‍ വിഭാഗം കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രഫുല്‍ പട്ടേലിനെ മുഖ്യമന്ത്രി കാണാതിരുന്നത് പാര്‍ട്ടിയുടെ പേരില്‍ മാണി സി കാപ്പന്‍ യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നതടക്കം ആണ് വിശദീകരണം.
ഇന്ന് എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനത്തിലേക്ക് എന്‍സിപി ദേശീയ നേതൃത്വം എത്തുക. രാവിലെ പ്രഫുല്‍ പട്ടേല്‍ ഡല്‍ഹിയില്‍ മടങ്ങി എത്തിയ ശേഷമാകും ചര്‍ച്ചകള്‍ നടത്തുക. സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട് കൂടിക്കാഴ്ചകളില്‍ നിര്‍ണായകമാകും.