പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര കോട്ടയം ജില്ലയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ മുന്നണിക്ക് പുറത്തുള്ള രണ്ട് എംഎല്‍എമാരെ ഒപ്പം കൂട്ടാന്‍ ഒരുങ്ങി യുഡിഎഫ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരമുറപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് രണ്ട് എംഎല്‍എമാര്‍ക്ക് പിന്തുണ നല്‍കി യുഡിഎഫ് ക്യാമ്പിലെത്തിക്കുന്നത്. 14 ന് ഐശ്വര്യകേരള യാത്ര കോട്ടയം ജില്ലയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ പാലാ എംഎല്‍എയും ഇടതുമുന്നണി നേതാവുമായ മാണി സി കാപ്പനും പൂഞ്ഞാറിലെ സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജുമാണ് യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുന്നത്. മാണി സി കാപ്പന്‍ യുഡിഎഫ് മുന്നണി സ്ഥാനാര്‍ഥിയായി തന്നെ പാലായില്‍ മത്സരിക്കാന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിവരികയാണ്.
ഇക്കാര്യത്തില്‍ എന്‍സിപിയില്‍ കാപ്പനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ അന്തിമ തീരുമാനം ബുധനാഴ്ചയോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. പിസി ജോര്‍ജിനെ മുന്നണിയുടെ ഭാഗമാക്കാതെ പകരം യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരിക്കും മത്സരിപ്പിക്കുക. ഇക്കാര്യത്തില്‍ കന്യാസ്ത്രീ പീഡനക്കേസ് പ്രതികൂടിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മധ്യസ്ഥതയില്‍ കോണ്‍ഗ്രസ് ദേശീയ ഘടകത്തിന്റെ നിര്‍ദ്ദേശവും സംസ്ഥാന നേതൃത്വത്തിനുണ്ട്.
എ ഗ്രൂപ്പിന്റെ എതിര്‍പ്പിനെ മറികടക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ‘ജോര്‍ജ്’ വിഷയത്തില്‍ ഇടപെടുത്തിയത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ പിസി ജോര്‍ജും ഈരാറ്റുപേട്ടയിലെ പ്രാദേശിക ലീഗ് നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജ് ഈരാറ്റുപേട്ടയില്‍ പരസ്യ മാപ്പപേക്ഷ നടത്തും.
അതേസമയം ഇക്കാലമത്രയും യുഡിഎഫിനേയും കോണ്‍ഗ്രസ് നേതാക്കളേയും അധിക്ഷേപിച്ച് നടന്ന പിസി ജോര്‍ജിനേയും കാപ്പനെയും മുന്നണിയിലെടുക്കുന്നതിന് മുന്നണിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുകളുണ്ട്. 3 ദിവസം മുമ്പ് യുഡിഎഫിനെ ഭ്രാന്തന്മാര്‍ എന്ന് വിശേഷിപ്പിച്ച കാപ്പനെ സ്വീകരിക്കാനും യുഡിഎഫ് അണികള്‍ക്ക് വിമുഖതയുണ്ട്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അവഹേളിച്ച് സംസാരിച്ചുകൊണ്ടിരുന്ന പിസി ജോര്‍ജിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. അതേസമയം അണികള്‍ക്കിടയില്‍ നിന്ന് ഉയരുന്ന പ്രശ്‌നങ്ങള്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് വരും ദിവസങ്ങളില്‍ പരിഹരിക്കും.