മലയാള സിനിമ- നാടക അഭിനേതാവായിരുന്ന മാള അരവിന്ദന്റെ ഓര്‍മദിനം. കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകത്തില്‍ പകരക്കാരാനായി അഭിനയരംഗത്തേക്ക് കടന്ന് വന്ന മാള അരവിന്ദന്‍ പിന്നീട് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് സിനിമ ആസ്വാദകരുടെ മനം കവര്‍ന്നു. പ്രധാനമായും ഹാസ്യ വേഷങ്ങളായിരുന്നു സിനിമയില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ മാള അരവിന്ദന്‍ പിന്നീട് പ്രൊഫഷണല്‍ നാടക വേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി. രസന എന്ന നാടകത്തില്‍ ചെല്ലപ്പന്‍ എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നതില്‍ ശ്രദ്ധിക്കപ്പെട്ടതാണ് സിനിമ രംഗത്തേക്ക് പ്രവേശനം ലഭിച്ചത്. 1967-ല്‍ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്ങിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രമാണ്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസ്സിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് മാള അരവിന്ദന്‍ പ്രസിദ്ധനായി. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവന്‍ എന്നിവ പ്രധാനചിത്രങ്ങളാണ്. പപ്പു മാള ജഗതി എന്ന ഒരു സിനിമ തന്നെ ഇറങ്ങിയിരുന്നു. 40 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ 650 ലേറെ സിനിമകളില്‍ അഭിനയിച്ചു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി(2014)യാണ് അവസാനം റിലീസ് ചെയ്തത്.
കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, പെരുമ്പാവൂര്‍ നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. നാടകത്തിന് കേരള സര്‍ക്കാര്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ എസ്.എല്‍. പുരം സദാനന്ദന്‍ നേതൃത്വം നല്‍കുന്ന സൂര്യസോമയുടെ നിധിയിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. 15 വര്‍ഷം നടകത്തില്‍ പ്രവര്‍ത്തിച്ചു. ഓസ്‌കാര്‍ മിമിക്സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹന്‍ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ ‘നീയറിഞ്ഞോ മേലേ മാനത്ത്’ എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
സിനിമയില്‍ മാറ്റി നിര്‍ത്തിയാല്‍ നാടകം കൊണ്ട് താന്‍ ജീവിക്കുമെന്ന് പറയുമായിരുന്നു മാള. നാടകങ്ങളില്‍ നിന്ന് ഒഴിവാക്കിയാല്‍ താന്‍ തബല വായിച്ച് രക്ഷപ്പെടും. ഇനി അവിടെ നിന്നും ഒഴിവാക്കിയാല്‍ ഭാര്യയുടെ പഴയ വസ്ത്രം തലയില്‍ കെട്ടി തെരുവു നാടകത്തിനിറങ്ങുമെന്ന് പ്രതികരിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമായായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ വടവുകോട് എന്ന സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥനായ താനാട്ട് അയ്യപ്പന്റേയും സ്‌കൂള്‍ അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദന്‍ ജനിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട ശേഷം സംഗീത അധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിലെ വടമയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു