കേരളത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. രോഗവ്യാപനം ക്രമമായി കുറയുന്നതിനാലും ലോക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിച്ചതിനാലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് ആലോചന. പൊതുഗതാഗതം അനുവദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥാപനങ്ങളും തുറന്നേക്കും. അതേസമയം മരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ നിയന്ത്രണം ഏതാനും ദിവസങ്ങള്‍ കൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി കുറയുന്നത് വരെ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ചെരുപ്പ് കടകള്‍, എന്നിവ തുറന്നേക്കും. ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കേണ്ട എന്നാണ് തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകളുണ്ട്.
കേരളം അഞ്ച് ആഴ്ചയായി സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ജനജീവിതം പലതലങ്ങളില്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ തുടരണോ അണ്‍ലോക്ഡൗണ്‍ തുടങ്ങണോ എന്ന് ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ചേരുന്ന ഉന്നതാധികാര സമിതി തീരുമാനിക്കുക. കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ നീട്ടിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനം ആയിരുന്നു. ഇന്നലെയത് 12.24 ആയി. ഒരു ശതമാനത്തോളം കുറഞ്ഞു. ചികിത്സയിലുള്ള രോഗികളുടെയെണ്ണവും ഒരാഴ്ചക്കിടെ ഇരുപത്തയ്യായിരത്തോളം കുറഞ്ഞ് 1,23,003 ആയിട്ടുണ്ട്.
ഇളവുകളോടെയുള്ള ലോക്ഡൗണ്‍ കുറച്ച് ദിവസം കൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ ഇനിയും അടച്ചു പൂട്ടിയാല്‍ ജനജീവിതം തകരുമെന്നും ചികിത്സാ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്ന രോഗികളുടെ എണ്ണത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിനാല്‍ പരിശോധനയിലും ചികിത്സയിലും കൂടുതല്‍ ശ്രദ്ധചെലുത്തി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും വിദഗ്ധ അഭിപ്രായങ്ങളുണ്ട്.
അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് എറണാകുളത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.