തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും, യൂണിടെക്കും നല്‍കിയ ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തളളി.
ഉദ്യോഗസ്ഥര്‍ നടത്തുന്ന കുറ്റങ്ങളുടെ ബാധ്യത രാഷ്ട്രീയക്കാര്‍ക്ക് മേല്‍ ചുമത്താന്‍ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. നയപരമായ തീരുമാനം എടുത്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കുറ്റം ആരോപിക്കാന്‍ ആകില്ല. ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതിയാണിതെന്നും കോടതി നിരീക്ഷിച്ചു.
ലൈഫ് പദ്ധതിയില്‍ എഫ്‌സിആര്‍എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. കേസില്‍ നേരെത്തെ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുണ്‍ ലൈഫ് മിഷന്‍ സിഇഒയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നു.