എം.സി. കമറുദീന്റെ അറസ്റ്റോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ പകരം സ്ഥാനാര്‍ഥിയെ തേടി മുസ്ലിം ലീഗ്. മണ്ഡലത്തില്‍ തന്നെയുള്ള യുവനേതാക്കള്‍ക്കാണ് പ്രഥമ പരിഗണന. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിലും മണ്ഡലത്തില്‍ ലഭിച്ച രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന്റെ ആത്മവിശ്വാസം.
മുസ്ലിം ലീഗും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം കൂടിയാണിത്. ബി.ജെ.പി. വരാതിരിക്കാന്‍ ഇടതുപക്ഷം യു.ഡി.എഫിനെ വോട്ട് നല്‍കി സഹായിക്കുന്നു എന്ന് പറയപ്പെടുന്ന മണ്ഡലം. എന്നാല്‍ 2006ല്‍ സിപിഎം വിജയിച്ച സ്ഥലം. പ്രത്യേകതകള്‍ ഏറെയുള്ള മഞ്ചേശ്വരത്ത് ഇത്തവണയും വിജയം വരുതിയിലാക്കാനാണ് മുസ്ലിം ലീഗ് ശ്രമം. ഫാഷന്‍ ഗോള്‍ഡ് കേസ് വിജയസാധ്യതയെ ബാധിക്കാതിരിക്കാന്‍ ജനസമ്മിതിയുള്ള നേതാക്കളെ തേടുകയാണ് പാര്‍ട്ടി.
മണ്ഡലം മുഴുവന്‍ അറിയപ്പെടുന്ന നേതാവ് എന്ന പ്രത്യേകതകള്‍ സഹായിക്കുക യുവനേതാവ് എ.കെ.എം. അഷ്‌റഫിനെയാണ്. എം.എസ്.എഫ്. യൂത്ത് ലീഗ് എന്നിവയിലൂടെ വളര്‍ന്ന് ജില്ലാ പഞ്ചായത്തംഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നീ സ്ഥാനങ്ങിലെത്തി. കഴിഞ്ഞതവണ കമറുദീന് മുന്‍പില്‍ വഴിമാറികൊടുക്കേണ്ടി വന്നത് അഷ്‌റഫിന് ഗുണകരമാകും. ജനുവരി ആദ്യവാരം മുതല്‍ അഷ്‌റഫ് മണ്ഡലത്തില്‍ സജീവമായിത്തുടങ്ങി. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാന്തപുരം വിഭാഗത്തിന് കൂടെ സമ്മതനായ മറ്റൊരാളെ തേടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് നറുക്കുവീഴാം. ഇവരാരുമല്ലാതെ സജീവമായി നില്‍ക്കുന്ന ഒരു വനിതയെ രംഗത്തിറക്കണമെന്നും ആവശ്യമുണ്ട്.