തെരഞ്ഞെടുപ്പിനു സജ്ജമാവാനും മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് ലീഗിന്റെ നിര്‍ദ്ദേശം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖ, യുവജന പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗിന്റെയും, എം.എസ് എഫിന്റെയും യുവ നേതാക്കളോട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. പ്രധാനമായും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്,എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റ ഫലി, സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ്മ തഹ്ലിയ എന്നിവരോട് ആണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ച വരെ മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കിയതോടെ മലപ്പുറം ജില്ലയിലും മറ്റും മുസ്ലിംലീഗ് നല്ല വിജയം നേടിയെടുക്കാന്‍ സാധിച്ചു എന്നതാണ് പാര്‍ട്ടിവിലയിരുത്തുന്നത്. മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 91 ശതമാനത്തോളം പുതുമുഖങ്ങളെയും യുവജനങ്ങളെയുമായിരുന്നു മുസ്ലിംലീഗ് കളത്തിലിറങ്ങിയത്. ആ രീതി തന്നെ പിന്തുടരാനാണ് മുസ്ലിംലീഗ് ഉന്നതാധികാരസമിതി അംഗമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തീരുമാനം. വടക്കന്‍ ജില്ലകള്‍ക്ക് പുറത്ത് മുസ്ലിംലീഗ് മത്സരിച്ചു പോരുന്ന എറണാകുളം ജില്ലയിലെ കളമശ്ശേരി, തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ കൊല്ലം ജില്ലയിലെ പുനലൂര്‍ എന്നീ മണ്ടലങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കാന്‍ നേതാക്കളോട് ലീഗ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പ്രതിപക്ഷ യുവജന സംഘടനകളുടെ സമരമുഖങ്ങളില്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് കുഞ്ഞാലിക്കുട്ടി ഇടപെട്ട് വടക്കന്‍ ജില്ലകളിലെ എവിടെയെങ്കിലും ഉറച്ച സീറ്റ് തരപ്പെടുത്താന്‍ ആണ് സാധ്യത അങ്ങനെ വരുമ്പോള്‍ മറ്റു 3 പേരും തെക്കന്‍ ജില്ലകളിലേക്ക് മത്സരിക്കേണ്ട സാഹചര്യം ഒരുങ്ങുകയാണ്.
പാലാരിവട്ടം അഴിമതികേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കളമശ്ശേരി എം.എല്‍.എയുമായ ഇബ്രാഹിം കുഞ്ഞിന്‍െ മണ്ടലം തന്നെയാണ് പ്രധാന ശ്രദ്ദാ കേന്ദ്രം. അഴിമതി കേസില്‍ അകപ്പെട്ട ജയിലില്‍ ( ജുഡീഷ്യല്‍ കസ്റ്റഡി) ആയിരുന്ന ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത വ്യവസ്തകളോടെയാണ് ജാമ്യം നല്‍കിയത്. കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും നിര്‍ത്തിയാല്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്ന മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. ജില്ലക്ക് പുറത്തുനിന്നുള്ളവര്‍ക്കാവും പ്രധാന പരിഗണന. യൂത്ത് ലീഗിന്റെയും, എം.എസ് എഫിന്റെയും യുവ നേതാക്കളെയാണ് ഇവിടെ നിയോഗിക്കാന്‍ സാധ്യത. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനാണ് പ്രഥമ പരിഗണന.
പകരക്കാരനായി മകനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ ഗഫൂറിനെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും എംഎല്‍എ ക്യാമ്പ് ഉയര്‍ത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദിന്റെ പേരുയര്‍ത്തി കാട്ടി എതിര്‍ ക്യാമ്പും സജീവമാണ്. കോണ്‍ഗ്രസും യുഡിഎഫും ഒന്നടങ്കം എതിര്‍ക്കുക്കുന്ന സാഹചര്യത്തില്‍ പൊതു സ്വതന്ത്രനെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ജസ്റ്റിസ് കമാല്‍ പാഷയുടെതടക്കം പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും ലീഗിന്റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്ത് പൊതു സ്വതന്ത്രരെ പരിഗണിക്കേണ്ട എന്ന് നിലപാടിലാണ് ലീഗ് സംസ്ഥാന നേതൃത്വം. അങ്ങനെയെങ്കില്‍ അത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ ആയിക്കോട്ടെ എന്നാണ് ലീഗ് നേതൃതത്തിന്റെ മനസിലുള്ളത്
മുസ്ലിംലീഗ് ഗുരുവായൂരില്‍ എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്‌റഫലിയും പുനലൂരില്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയെയും എന്ന നിലയിലാണ് ലീഗ് നേതൃത്വം പരിഗണിക്കുന്നത്. കൂടുതല്‍ യുവാക്കളെ തെരഞ്ഞടുപ്പ് ഗോദയിലേക്ക് ഇറക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതായി ആണ് അറിയാന്‍ കഴിഞ്ഞത്. തലമുറ മാറ്റം ആവശ്യമാണെന്ന് യൂത്ത് കോണ്‍ഗ്രസും അതുപോലെ യുവാക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങള്‍ക്ക് ലീഗ് വേഗത കൂട്ടിയത്. കൂടുതല്‍ സീറ്റ് മത്സരിക്കാന്‍ ലഭിക്കണമെന്നും ലഭിക്കുന്ന സീറ്റുകളിലേക്ക് പുതിയ ആളുകളെ കണ്ടെത്താനാകുമെന്നാണ് മുസ്ലിംലീഗിന്റെ പ്രതീക്ഷ.