സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ തിരുവനന്തപുരത്ത് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് മാണി സി കാപ്പന്‍ വിട്ടു നില്‍ക്കുന്നു. പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മാണി സി കാപ്പന്‍. ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമെ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുകയുള്ളൂവെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും പ്രതികരിച്ചു. ശരദ് പവാറുമായുള്ള ചര്‍ച്ചകള്‍ ഫെബ്രുവരി ഒന്നിന് നടക്കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പാലാ സീറ്റ് തര്‍ക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററില്‍ നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. എന്‍സിപിയിലെ തര്‍ക്കത്തില്‍ മുന്നണി നേതൃത്വത്തിന്റെ ഇടപെടലിനും യോഗം സാക്ഷ്യം വഹിച്ചേക്കാം. ഓരോ ഘടകകക്ഷികള്‍ക്കും സീറ്റ് ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാനുള്ള അവസരമായിരിക്കും ഇന്നത്തെ എല്‍ഡിഎഫ് യോഗം.
പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയിലെ ഒരുവിഭാഗമാണ് നേതൃത്വം നേരിടുന്ന തലവേദന. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പ്രശ്‌ന പരിഹാരമായിട്ടില്ല.