പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎല്‍എമാരാണ് ഈ കാലയളവില്‍ വിട പറഞ്ഞത്.
അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു നിലവിലെ സഭ. സിറ്റിംഗ് എംഎല്‍എമാരില്‍ കൂടുതല്‍ പേരെ നഷ്ടമായത് ഈ സഭാ കാലയളവിലാണ്. കെ.എം.മാണി, കെ.കെ രാമചന്ദ്രന്‍ നായര്‍, തോമസ് ചാണ്ടി, സി.എഫ് തോമസ്, വിജയന്‍ പിള്ള , പി.ബി അബ്ദുള്‍ റസാഖ്, കെ.വി വിജയദാസ് എന്നീ എംഎല്‍എമാര്‍ വേര്‍പിരിഞ്ഞു.
ഏകദിന സമ്മേളനങ്ങളുടെ കാര്യത്തില്‍ ഈ സഭ റെക്കോര്‍ഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചര്‍ച്ചയ്ക്കു വന്നു. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ വന്ന അവിശ്വാസ പ്രമേയങ്ങള്‍ പരാജയപ്പെട്ടു. ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുത്തന്‍ അനുഭവമായി. ആറു അടിയന്തര പ്രമേയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായി. 14 സര്‍ക്കാര്‍ പ്രമേയങ്ങളും ചര്‍ച്ചയ്ക്കു വന്നു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എംഎല്‍എയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്.