കാക്കനാട്: സീറോ ലാന്‍ഡ് ലെസ്സ് പദ്ധതിയിലൂടെ ഭൂമി ഇല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും ഭൂമി കണ്ടെത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വീട് ഇല്ലാത്ത ആളുകള്‍ക്ക് വാസയോഗ്യമായ വീട് ഉണ്ടാക്കുവാന്‍ സര്‍ക്കാരുമായി ആലോചിച്ച് പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ഭിന്നശേഷി ഉള്ളവര്‍ക്കും ഓട്ടിസം ബാധിച്ച പകുട്ടികള്‍ക്കും അന്തരായവരെയും പരിഗണിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നതിനാണ് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദഹേം പറഞ്ഞു .
ടേക്ക് എ ബ്രേക്ക് പദ്ധതിയെന്ന പേരില്‍ പഞ്ചായത്തുകള്‍ തോറും 2 ആധുനീക ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കും. പ്രീമിയം ടൈപ്പില്‍ കോഫി ഷോപ്പും ടൊയ്‌ലറ്റും , മീഡിയത്തില്‍ രണ്ട് ടൊയ്‌ലറ്റും നാപ്കിന്‍ പാട് ഡിസ്‌പോസിബിള്‍ സെന്ററും. സ്റ്റാന്റേര്‍ഡ് ടൈപ്പില്‍ ടൊയ്‌ലറ്റുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പഞ്ചായത്തുകളുടെ ആവശ്യപ്രകാരമാവും പദ്ധതികള്‍ നടപ്പിലാക്കുക. പെര്‍ഫോമന്‍സ് ബേസ് ഇന്‍സെന്റീവ് ഗ്രാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 41000 വീടുകള്‍ക്ക് ശൗച്യാലയങ്ങളുടെ മെയിന്റനന്‍സിനായി 5000 രൂപ വീതം ഗ്രാന്റ് നല്‍കും. പൊതു നിരത്തുകളില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ സംഭരിക്കാന്‍ ബിനുകള്‍ സ്ഥാപിക്കും. മൂന്നു പദ്ധതികളും ജില്ലാ പഞ്ചായത്ത് ജില്ല ഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരളം, മറ്റ് ത്രിതല പഞ്ചായത്ത് സംവിധാനവും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.
ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളെ മുന്‍ നിരയിലേക്ക് കൊണ്ടുവരുന്നതിനായി ആരോഗ്യ, വ്യവസായിക, കാര്‍ഷിക , വിദ്യാഭ്യാസ ശുചിത്വ മേഖലകളില്‍ പുരോഗതിക്ക് വേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കും. കാര്‍ഷിക അനുബന്ധ മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും. കാര്‍ഷിക മേഖല സ്വയം പര്യാപ്തതയിലേക്ക് നയിക്കും. നെല്‍കൃഷി പ്രോത്സാഹിപ്പിക്കും. തരിശുനിലങ്ങള്‍ പ്രയോജനപ്പെടുത്തും. പച്ചക്കറി, ഫലവര്‍ഗങ്ങള്‍,പാല്‍ ,മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ നമുക്ക് കഴിയണം എന്നതാണ് ലക്ഷ്യം. കാര്‍ഷികമേഖലയ്ക്ക് ജലസേചനം ഉള്‍പ്പെടെയുള്ള കൂടുതല്‍ പശ്ചാത്തല സൗകര്യം ഒരുക്കി നല്‍കും. തൊഴിലുറപ്പ് മേഖലയെ പ്രയോജനപ്പെടുത്തി കാര്‍ഷിക പുരോഗതിക്ക് വേണ്ടി കൂടുതല്‍ സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. .
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ആവശ്യം പരിഗണിച്ച് പദ്ധതികള്‍ നടപ്പിലാക്കും. കോളനികളുടെ നവീകരണം പൂര്‍ത്തിയാകും. അംഗന്‍വാടികളുടെ അടിസ്ഥാനസൗകരം മെച്ചപ്പെടുത്തും. സ്വന്തമായി കെട്ടിടങ്ങളില്ലാത്തിടത്ത് ഗ്രാമ പഞ്ചായത്തുകള്‍ സ്ഥലം ലഭ്യമാക്കുന്നതോടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. വനിതാ വ്യവസായ യൂണിറ്റുകള്‍ തുടങ്ങും.
വ്യവസായ മേഖലയ്ക്ക് ബാങ്കിംഗ് സംവിധാനത്തിലൂടെ പ്രോത്സാഹനം നല്‍കുവാന്‍ കഴിഞ്ഞാല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാം. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കുടുംബങ്ങളെ നയിക്കാന്‍ കഴിയും. അതിനായി കുടുംബശ്രീ യൂണിറ്റുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വരുമാനദായകമായ പദ്ധതികള്‍ അവര്‍ക്കുവേണ്ടി ആവിഷ്‌കരിക്കും.
ജില്ലാ പഞ്ചായത്തില്‍ വിട്ടു കിട്ടിയ സ്ഥാപനങ്ങളായ സ്‌കൂള്‍, ആശുപത്രികള്‍, ഫാമുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ജില്ലയിലെ 82 പഞ്ചായത്തുകളില്‍ ഒന്നായിക്കണ്ടുകൊണ്ട് വികസന പദ്ധതികള്‍ നടപ്പിലാക്കും. മാലിന്യ സംസ്‌കരണം വലിയ പ്രശ്നമായി കാണുന്നു. നഗരത്തിലെ മാലിന്യം സംസാരിക്കുന്ന പോലെ ഗ്രാമങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് വേണ്ടി വളരെ ഗൗരവമായി ആലോചന നടത്തി പദ്ധതികള്‍ ആവിഷ്‌കരിക്കും.
ശുചിത്വ മിഷന്‍- സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) തുക ഓരോ ഗ്രാമ പഞ്ചായത്തിനും വീടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. 2021 ജനുവരി 31 ന് മുന്‍പായി ഗ്രാമപഞ്ചായത്തിന് അനുവദിച്ചിട്ടുള്ള മുഴുവന്‍ തുകക്കും പദ്ദതി ഏറ്റെടുത്ത് ഡിപിസി അംഗീകാരം വാങ്ങുമമന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു…
ഗ്രാമങ്ങളുടെ വൃത്തിയും ഭംഗിയും ശുചിത്വവും അതുപോലെ സംരക്ഷിക്കാന്‍ കഴിയും. മുന്‍ ഭരണസമിതികള്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയും അതിലേറെ കാര്യങ്ങള്‍ ചെയ്യുവാനും ഫണ്ടുകള്‍ കണ്ടെത്തുന്നതിനും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും ശ്രമിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളിലായി ഫണ്ടുകള്‍ കണ്ടെത്തി അത് എല്ലാ ഡിവിഷന്‍ ഉപയോഗപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുക, ജില്ലയുടെ വികസനത്തിന് വേണ്ടി മുഴുവനാളുകളുടെയും പ്രദേശങ്ങളുടെയും വികസനത്തിന് വേണ്ടി നിലകൊള്ളുക എന്നുള്ള ലക്ഷ്യമാണ് ഉള്ളതെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ക്ഷേമകാര്യ സ്ഥിരം സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജി ഡോണോ മാഷ് , പൊതുമരാമത്ത് സ്ഥിരം സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആശാ സനല്‍, വികസനകാര്യ സ്ഥിരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റാണി കുട്ടി ജോര്‍ജ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.