എറണാകുളം: ആലുവയിലും പരിസര പ്രദേശങ്ങളിലും കെട്ടിട നിർമ്മാണജോലികൾ ചെയ്തു വരുന്നതിനിടെ മരിച്ച പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശികളുടെ മൃതദേഹങ്ങൾ തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് സൗജന്യമായി സ്വദേശത്തേക് അയച്ചു. സോമൻ സേല സർദാർ, അനൂപ് മണ്ഡൽ എന്നിയവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.
പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലുമാണ്
ജില്ലാ ലേബർ ഓഫീസർ വി.ബി. ബിജു അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് അങ്കമാലി അസിസ്റ്റന്റ് ലേബർ ഓഫീസറോട് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പോലീസും ആരോഗ്യവകുപ്പുമായി സഹകരിച്ച് വേഗത്തിൽ നടപടികൾ പൂർത്തിയാക്കുവാനും നിർദേശം നൽകിയിരുന്നു.
തൊഴിൽ വകുപ്പിന്റെ കീഴിലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010 മുഖേനയാണ് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ സൗജന്യമായി സ്വദേശത്തേക് എത്തിക്കുന്നത്.