കോങ്ങാട് എം എല്‍ എ കെ വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാലവിയോഗം. കര്‍ഷക കുടുംബത്തില്‍ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂര്‍വമായി പ്രവര്‍ത്തിച്ചു. പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്കിയ നേതാവായിരുന്നു വിജയദാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കി. നിയമസഭയിലെ പ്രവര്‍ത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
പാലക്കാട് കോങ്ങാട് എം.എല്‍.എ ആയ കെ.വി.വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നേതൃനിരയില്‍ എത്തിയ ആളാണ് അദ്ദേഹമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സഹകരണ പ്രസ്ഥാനത്തിനും, സഹകരണ ബാങ്കുകളുടെ വളര്‍ച്ചയ്ക്കും അദ്ദേഹം നല്കിയ സംഭാവന സ്തുത്യര്‍ഹമാണ്. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനെന്ന പോലെ പാര്‍ട്ടിയ്ക്കും നാടിനു തന്നെയും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
രമേശ് ചെന്നിത്തല
കോങ്ങാട് എം എല്‍ എ കെ വി വിജയദാസിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന നല്ലൊരു പൊതുപ്രവര്‍ത്തകനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതായിരുന്നു. 2011 ല്‍ നിയമസഭയിലെത്തിയ കാലം മുതല്‍ വളരെ അടുത്ത സുഹൃദ് ബന്ധമാണ് തനിക്ക്്്് അദ്ദേഹവുമായുണ്ടായിരുന്നതെന്നുംരമേശ് ചെന്നിത്തല പറഞ്ഞു.
പ്രൊഫ സി രവീന്ദ്രനാഥ്
കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ അകാല നിര്യാണം സുഹൃത്തുക്കള്‍ക്കും സഖാക്കള്‍ക്കും കടുത്ത വേദന ഉളവാക്കുന്നതാണ്. മികവുറ്റ ഒരു സംഘാടകനായിരുന്നു സഖാവ് വിജയദാസ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എന്ന നിലയില്‍ സഖാവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. പ്രവര്‍ത്തനമികവും പ്രതിബദ്ധതയും നിയമസഭാ സാമാജികന് എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹം പ്രത്യേക ശ്രദ്ധപുലര്‍ത്തി. പാലക്കാട് ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനായ സഖാവ് വിജയദാസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
മന്ത്രി ടി.പി. രാമകൃഷ്ണന്
കെ.വി വിജയദാസിന്റെ ആകസ്മിക വേര്‍പാടില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് അനുശോചനം രേഖപ്പെടുത്തി. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ മുന്‍പന്തിയില്‍ നിന്ന അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും കര്‍ഷക പ്രസ്ഥാനത്തിനും നികത്താനാകാത്ത നഷ്ടമാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പാലക്കാടിന്റെ വികസനത്തിന് നേതൃത്വം നല്കിയ വിജയദാസ് നിയമസഭാംഗമെന്ന നിലയിലും ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു.
സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്
വിജയദാസിന്റെ അകാല നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. വിജയദാസിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പാലക്കാട് ജില്ലയില്‍ അടിസ്ഥാന വര്‍ഗത്തെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവാണ് വിജയദാസ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഒരു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി ഒരു ചെറുകിട ജലവൈദ്യുത പദ്ധതിക്ക് രൂപം കൊടുത്തത് പാലക്കാട് ജില്ലയില്‍ മീന്വല്ലത്താണ്. വിജയദാസ് ആ പദ്ധതി യഥാര്‍ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഞാന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ആ പദ്ധതിക്ക് എല്ലാ സഹായങ്ങളും നല്കി.
വനം മന്ത്രി കെ. രാജു അനുശോചിച്ചു.
കര്‍ഷകരുടെയും, കര്‍ഷക തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ നിയമസഭയുടെ മുന്നിലെത്തിക്കാന്‍ എന്നും പ്രയത്നിച്ച വലിയ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ കുടുംബാഗംങ്ങള്ക്കെപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നു.
രാഷ്ട്രദീപം
കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്റെ അകാല നിര്യാണത്തില്‍ രാഷ്ട്രദീപം ഗ്രൂപ്പ് അനുശോചനം രേഖപെടുത്തി.