തൃശൂര്‍ കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നിന്ന് മണ്ണുമാറ്റുന്നതിനിടെ പാറക്കല്ല് വീണ് തുരങ്കത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ വലിയ ദ്വാരം വീണു. കവാടത്തിനോട് ചേര്‍ന്നാണ് ഈ ദ്വാരം വീണത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു പാറക്കല്ല് തുരങ്കത്തിനു മീതെ പതിച്ചത്. തുരങ്കത്തിനു ഭീഷണിയായി നില്‍ക്കുന്ന പാറക്കല്ലുകളും മണ്ണും മാറ്റുന്ന ജോലികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ആര്‍ക്കും അപകടം സംഭവിച്ചില്ല. നൂറടിയ്ക്കു മുകളില്‍ നിന്നാണ് പാറക്കല്ല് പതിച്ചത്. തുരങ്കത്തിന്റെ കവാടത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഭിത്തി കെട്ടിയിട്ടുണ്ട്. ഈ കോണ്‍ക്രീറ്റ് ഭിത്തിയിലാണ് ദ്വാരം. ആദ്യ തുരങ്കത്തിലാണ് ഇതു സംഭവിച്ചത്. ഇനി, ഇത് അടയ്ക്കുന്നതാകും അടുത്ത പ്രതിസന്ധി.
തുരങ്കം തുറക്കാന്‍ പണി തകൃതിയായി നടക്കുന്നതിനിടെയാണ് ഇതുണ്ടായത്. തുരങ്കം തുറക്കാന്‍ വീണ്ടും വൈകുമെന്ന് ഇതോടെ ഉറപ്പായി. കോണ്‍ക്രീറ്റ് ദ്വാരം അടച്ച ശേഷം കോണ്‍ക്രീറ്റ് ഭിത്തിയുടെ ബലപരിശോധന കൂടി നടത്തേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അശാസ്ത്രീയമായി പാറപൊട്ടിച്ചു നീക്കിയതാണ് അപകട കാരണമെന്ന് ആക്ഷേപമുണ്ട്. ടി.എന്‍. പ്രതാപന്‍ എം.പിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഇന്ന് കുതിരാന്‍ സന്ദര്‍ശിക്കുന്നുണ്ട്.