കുറുപ്പംപടി: കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. ഈ വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 12.85 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
കുറുപ്പംപടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും കുറിച്ചിലക്കോട് റോഡിലേക്ക് കടക്കുന്ന ഡയറ്റ് ലാബ് എല്‍.പി സ്‌കൂളിന് മുന്നിലൂടെയുള്ള ലിങ്ക് റോഡ് ഭാഗത്താണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലെ കാനകള്‍ മുഴുവന്‍ ചെളി നീക്കം ചെയ്തു ശുചികരിക്കും. ഇടിഞ്ഞ ഭാഗങ്ങളില്‍ പൊളിച്ചു മാറ്റി കാന പുനര്‍ നിര്‍മ്മിക്കുകയും ചെയ്യും. 6 ഇഞ്ച് കനത്തില്‍ ഉയര്‍ത്തി സ്ലാബുകള്‍ ഇട്ട് കാന സുരക്ഷിതമാക്കും. 400 സ്ലാബുകള്‍ ഇതിനായി വേണ്ടി വരും. അതിന് മുകളില്‍ ടൈല്‍ വിരിച്ചു മനോഹരമാക്കി സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
ഇത് കൂടാതെ വിശ്രമ കേന്ദ്രവും ഇതിനൊപ്പം നിര്‍മ്മിക്കുന്നതിന് പദ്ധതിയില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇരു വശങ്ങളിലുമായി 228 മീറ്റര്‍ നീളത്തിലാണ് കാന നവീകരിച്ചു സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ല പഞ്ചായത്ത് എന്‍ജിനിയറിംഗ് വിഭാഗമാണ് പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ മാത്തുകുഞ്ഞ്, സജി പടയാട്ടില്‍, കുര്യന്‍ പോള്‍, ഫെബിന്‍ കുര്യാക്കോസ്, ഒ ദേവസ്സി, പോള്‍ ഉതുപ്പ്, എല്‍ദോസ് അറക്കല്‍, ഫെജിന്‍ പോള്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ബേബി കിളിയായത്ത്, എന്നിവര്‍ സംസാരിച്ചു.