മൂവാറ്റുപുഴ കേരളത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും വികസനത്തിന്റെ പുതുവെളിച്ചമേകിയ എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ ദുരന്തങ്ങളില്‍ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഏത് ദുരന്തത്തേയും മറികടക്കാമെന്ന് മലയാളികളെ ബോധ്യപ്പെടുത്തി പതറാതെ നയിച്ച സര്‍ക്കാരാണ് കേരളം ഭരിയ്ക്കുന്നത്.
മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു.
പദ്ധതികളുടെ നടത്തിലെ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കാതെ അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പദ്ധതികള്‍ നടപ്പാക്കി. കേരളത്തില്‍ എല്ലാ മേഖലയിലും വികസന രംഗത്തുള്ള സമാനമായ അന്തരീക്ഷം ഭാവിയിലും ഉണ്ടാകുന്നതിനാണ് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കുന്നത്.
കോവിഡ് പ്രതിരോധ കാലത്ത് 60 ലക്ഷം പേര്‍ക്ക് മുടങ്ങാതെ ക്ഷേമപെന്‍ഷന്‍ നല്‍കി. എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് നല്‍കി ഇന്ത്യയുടെ ചരിത്രത്തില്‍ വേറിട്ട അനുഭവമായി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ചില മേഖലയില്‍ ഒതുങ്ങി നിന്ന ആധുനിക റോഡ് വികസനം നാടിന്റെ എല്ലാ പ്രദേശത്തും നടപ്പാക്കി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കിയതിനാല്‍ കുട്ടികളുടെ ആധിക്യം കൊണ്ട് വിദ്യാലയങ്ങള്‍ വീര്‍പ്പുമുട്ടി. ഇത് വിദ്യാര്‍ത്ഥിളില്‍ മതാന്ധതയില്ലാതാക്കാനും മതനിരപേക്ഷത വളര്‍ത്താനും സഹായകമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ആതുരസേവന പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം മികച്ചതും മാതൃകാപരവുമാണ്. ലൈഫ് ഭവനപദ്ധതിയിലെ രണ്ടര ലക്ഷം വീടുകളില്‍ കുടുംബങ്ങളുടെ താമസം ഉറപ്പാക്കി.തരിശ് പാടങ്ങള്‍ കൃഷിയോഗ്യമാക്കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കി. നടപ്പാക്കാനാവില്ലെന്ന് ചിലര്‍ ആരോപിച്ച ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി, വൈദ്യുതി രംഗത്ത് കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ പദ്ധതിയും പൂര്‍ത്തിയാക്കി.
സംസ്ഥാനത്ത് റിസര്‍ച്ച് സെന്ററുകള്‍ വേണമെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. ഗവേഷണത്തിനായി 30 വകുപ്പുകളില്‍ പ്രത്യേകം സംവിധാനം സര്‍വ്വകലാശാലകളില്‍ നടപ്പാക്കുന്നു. ഗവേഷകരെ അവരുടെ സ്വാതന്ത്ര്യത്തിലൂടെ മുന്നോട്ട് പോകാന്‍ അനുവദിയ്ക്കുന്ന തരത്തിലാണ് സെന്ററുകള്‍ ആരംഭിയ്ക്കുന്നത്. മുന്നോക്ക വിഭാഗക്കാരില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ നിലവിലുള്ള സംവരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ നോക്കുന്നുണ്ടെന്ന് മന്ത്രി ചോദ്യത്തിന് മറുപടി പറഞ്ഞു.മത്സര പരീക്ഷയില്‍ വിജയിച്ച് സീറ്റുകള്‍ നേടാന്‍ കഴിയാത്ത മുസ്ലീം സമുദായാംഗങ്ങളായവര്‍ക്ക് മൈനോറിറ്റി കോച്ചിംഗ് തുടങ്ങി. ക്രൈസ്തവര്‍, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു.
സ്വാശ്രയ കോളേജുകള്‍ തുടങ്ങുന്നതിന് നിബന്ധനകള്‍ കര്‍ശനമാക്കണം.നിലവിലുള്ള കോളേജുകളുടെ കണക്കെടുപ്പും സ്ഥാപനം ഒരു പ്രദേശത്ത് ആവശ്യമാണോ എന്നും പരിശോധിച്ചാണ് കോളേജ് അനുവദിയ്ക്കാവൂ എന്ന നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയാല്‍ പഠിയ്ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ എന്ന ആവശ്യം നേടാനാകും. വീട്ടിലിരുന്ന് ജോലി എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ഇക്കാലത്ത് മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് ഇത്തരം ജോലിയുമായി ബന്ധിപ്പിയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകള്‍ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് പദ്ധതികള്‍ നടപ്പാക്കണം.
ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നത് സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പാണ്. റഗുലര്‍ കോളേജുകളില്‍ ചേര്‍ന്ന് പഠിയ്ക്കാനാവാത്തവര്‍ക്ക് അവസരം നല്‍കുന്നതിന് റീജണല്‍ സെന്ററുകളെ കൂടാതെ മറ്റ് സെന്ററുകള്‍ക്കായി കോളേജു സൗകര്യങ്ങളുള്ള പാരലല്‍ കോളേജുകളേയും പരിഗണിയ്ക്കും.വിദ്യാലയങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 8.30 മുതല്‍ 1.30 വരെയാക്കുന്നത് തുടര്‍ന്നുള്ള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര വിഷയങ്ങളില്‍ ശ്രദ്ധിക്കാനാകും.സ്വകാര്യ മാനേജ്മെന്റ് കോളേജുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സമുദായക്കാരായ 30 ശതമാനം ജീവനക്കാര്‍ക്കെങ്കിലും നിയമനം ഉറപ്പാക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. വിവിധ അവശ്യങ്ങളുമായി എത്തിയവരുടെ നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ഇസ്മയില്‍ അധ്യക്ഷനായി.ഏരിയാ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍ സ്വാഗതസം ഏരിയാ കമ്മിറ്റി അംഗം എം എ സഹീര്‍ നന്ദിയും പറഞ്ഞു. കോവിഡ് പ്ലാസ്മ ദാനം ചെയ്ത ഇ ബി രാഹുലിന് മന്ത്രി ഉപഹാരം നല്‍കി.