കെഎസ്ആര്‍ടിസിയിലെ തട്ടിപ്പും ക്രമക്കേടും തുറന്നുപറഞ്ഞ എം.ഡി ബിജു പ്രഭാകറിനെതിരെ ഐ.എന്‍.ടി.യു.സി തൊഴിലാളികളുടെ പ്രതിഷേധം. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് മുന്നിലാണ് അവസാനിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് ഉപരോധിച്ച തൊഴിലാളികള്‍ എം.ഡിക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി. കെ.എസ്.ആര്‍.ടി.സി ആസ്ഥാനം അടക്കം വിറ്റവരാണ് തൊഴിലാളികളെ കുറ്റംപറയുന്നതെന്ന് ഐ.എന്‍.ടി.യു.സി സംഘടനയായ ടി.ഡി.എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ആരോപിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ കൈമാറ്റം ചെയ്യുമ്പോഴും ചില തൊഴിലാളി സംഘടനകള്‍ മൗനം പാലിക്കുകയാണ്. തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പറയുന്നവരെല്ലാം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ആദ്യം പോകുന്നതാണ് അനുഭവം. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നും ഐ.എന്‍.ടി.യു.സി അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ തുറന്നടിച്ചു. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞു.
പഴയ ടിക്കറ്റ് നല്‍കി കണ്ടക്ടര്‍മാര്‍ പണം തട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വര്‍ക്ക് ഷോപ്പിലെ ലോക്കല്‍ പര്‍ച്ചേസിലും സാമഗ്രികള്‍ വാങ്ങുന്നതിലും കമ്മീഷന്‍ പറ്റുന്നു. ഡീസല്‍ വെട്ടിപ്പ് തുടരാനാണ് ജീവനക്കാര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നതെന്നും ബിജു പ്രഭാകര്‍. 2012-15 കാലയളവില്‍ 100 കോടിയുടെ തട്ടിപ്പ് സ്ഥാപനത്തില്‍ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.