തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും, 2017 ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് എം.പി.യായി മത്സരിച്ച ആദ്യ മലയാളിയുമായ ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ കെ.പി.സി.സി മൈനോരിറ്റി ഡിപ്പാര്‍ട്‌മെന്റ് സംസ്ഥാന കോര്‍ഡിനേറ്ററായി കെപിസിസി നേതൃത്വം നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ് ഈ നിയമനം.
കെ.എസ്.യുവില്‍ കൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ കടന്നു വന്ന ലക്‌സണ്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മുന്‍ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ആയിരുന്നു. പിന്നീട് 1997 കാലഘട്ടങ്ങളില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി NSUI ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 2009 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സി യുകെ ജോയിന്റ് കണ്‍വീനറും എ.ഐ.സി.സി യുടെ കീഴിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) യൂറോപ്പ് കേരള ചാപ്റ്റര്‍ കോഓര്‍ഡിനേറ്ററുമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രളയദുരിതത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സഹായം തേടി ലക്സണ്‍ അയച്ച ഹൃദയസ്പര്‍ശിയായ കത്ത് ബ്രിട്ടിഷ് മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു.ഡോ.കല്ലുമാടിക്കലിന് ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട്. 2017 ല്‍ ഇംഗ്ലണ്ടിലെ വിഥിന്‍ഷോ ആന്‍ഡ് സെയ്ല്‍ ഈസ്റ്റ് കോണ്‍സ്റ്റിറ്റിയൂന്‍സിയില്‍ നിന്നാണ് ലക്‌സണ്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബ്രിട്ടീഷ് പാര്‍ലിമെന്റിലേക്കു മത്സരിച്ചു ചരിത്രം കുറിച്ചത്. 2004 മുതല്‍ ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അംഗത്വമുള്ള ലക്സണ്‍, 2014 ല്‍ പാര്‍ട്ടിയുടെ കോണ്‍സ്റ്റിറ്റിയൂന്‍സി എക്സിക്യൂട്ടീവ് അംഗമായും മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായും മാഞ്ചസ്റ്ററില്‍ മത്സരിച്ചിട്ടുണ്ട്.
2001 ല്‍ ബിടെക് ഇലക്ട്രോണിക് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ ലക്‌സണ്‍ ഏറ്റുമാനൂര്‍ കെ.എസ്.ബി സബ്‌സ്റ്റേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി നോക്കിയിട്ടുണ്ട്. ലക്‌സണ്‍ 2002 ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2003ല്‍ യുകെയില്‍ നിന്ന് എം.എസ്.സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. ഫോണ്‍സ് ഫോര്‍ യു, ബ്രിട്ടീഷ് ടെലികോം, മാഞ്ചസ്‌റര്‍ എയര്‍പോര്‍ട്ട്, ടിസ്‌കാലി ബ്രോഡ്ബാന്റ് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ടീം മനേജരായി ജോലി ചെയ്തിട്ടുണ്ട്. 2007 മുതല്‍ യുകെയില്‍ ഐടി, ടെലികോം, മീഡിയ, എക്‌സ്പോര്‍ട് എന്നിവയില്‍ സ്വന്തമായി വര്‍ഷങ്ങളായി ബിസിനസ് നടത്തിവരുന്ന ലക്‌സണ്‍ ബിസിനസ്സ് മാനേജ്‌മെന്റ് എന്റര്‍പ്രണര്‍ഷിപ്പില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനോടകം മാഞ്ചസ്റ്റര്‍ മെട്രൊപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദവും നേടി.
2018 മുതല്‍ എറണാകുളത്തു സ്ഥിരതാമസമാക്കിയ ലക്‌സണ്‍ ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കല്‍ (പകലോമറ്റം മഹാകുടുംബയോഗം മെമ്പര്‍) കുടുംബാംഗമാണ്. പരേതനായ കെ.എഫ് അഗസ്റ്റിന്‍ (പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍), ത്രേസ്യാമ്മ അഗസ്‌റിന്‍ (റിട്ട. ടീച്ചര്‍, സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, കാഞ്ഞിരത്താനം) എന്നിവരുടെ ഏക മകനാണ്. ലിവിയ, എല്‍വിയ, എല്‍വിസ് എന്നിവര്‍ മക്കളാണ്.