രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും. കടന്ന് പോയ നാല് ദിവസങ്ങള്‍ കേരളത്തിലെ സിനിമാസ്വാദകരുടെ താവളമായി നഗരം. കൊവിഡിനു ശേഷം തുറന്നിട്ടും തിയറ്ററുകളിലെത്താന്‍ സിനിമാ ആസ്വാദകര്‍ വിമുഖത കാട്ടിയിരുന്നു. ചലച്ചിത്രമേള തിയറ്റര്‍ ഉടമകള്‍ക്ക് നല്‍കുന്നതും വലിയ പ്രതീക്ഷയാണ്. മേളയിലെ ജനപങ്കാളിത്തം വരും ദിവസങ്ങളില്‍ മറ്റു സിനിമകള്‍ക്കും ഉണ്ടാകുമെന്ന് തിയറ്ററുടമകള്‍ പ്രതീക്ഷിക്കുന്നു.
കൊവിഡ് കാരണമാണ് പോയ വര്‍ഷം കൊച്ചിക്ക് കാര്‍ണിവലും ബിനാലെയും നഷ്ടപ്പെട്ടത്. 21 വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ വേദിയൊരുങ്ങാന്‍ കാരണമായതും അതേ മഹാമാരി തന്നെ.
അവസാന ദിവസവും 24 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ജയരാജിന്റെ ഹാസ്യത്തിന്റെ രണ്ടാം പ്രദര്‍ശനവും ഇന്നുണ്ട്. ചുരുളിയും ബിരിയാണിയും ഹാസ്യവും ഒക്കെ മലയാളത്തില്‍ നിന്ന് മികച്ച പ്രതികരണം നേടിയെങ്കിലും മേളയില്‍ എണ്ണത്തിനൊപ്പം സിനിമകളുടെ നിലവാരവും കുറഞ്ഞെന്ന പരാതിയുണ്ട് മേളയുടെ സ്ഥിരം കാഴ്ചക്കാര്‍ക്ക്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തിന് പുറത്ത് മേള പൂര്‍ത്തിയാക്കാനായത് ഇനി വരാനിരിക്കുന്ന പയ്യന്നൂരിലെയും പാലക്കാട്ടെയും പതിപ്പുകളുടെ സംഘാടനത്തിന് ചലച്ചിത്ര അക്കാഡമിക്ക് ആത്മവിശ്വാസമായിട്ടുണ്ട്.