രഹസ്യമായിരുന്ന യുഡിഎഫ്- ലീഗ്- ബിജെപി- വെല്‍ഫെയര്‍ പാര്‍ടി സഖ്യം കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരസ്യമായി നടപ്പാക്കിയെന്നും കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്, ബിജെപി, വെല്‍ഫെയര്‍ പാര്‍ടി, ലീഗ് കൂട്ട് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുരേന്ദ്രനും ആവര്‍ത്തിച്ച് പ്രസ്താവനാ മത്സരം നടത്തുമ്പോള്‍ കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വെല്‍ഫെയര്‍ പാര്‍ടി, ലീഗ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായി വോട്ട് ചെയ്തു.
യുഡിഎഫ് ഘടകകക്ഷികള്‍ വെല്‍ഫെയര്‍ പാര്‍ടിയുടെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ക്കും തിരിച്ചും വോട്ട് ചെയ്തു. മുസ്ലിം തീവ്രവാദ രാഷ്ട്രീയപാര്‍ടിക്കും മുസ്ലിംലീഗിനും ബിജെപിയുടെ അഞ്ചു കൗണ്‍സിലര്‍മാരും വോട്ട് ചെയ്ത നടപടിയെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞശേഷവും കെപിസിസിയും യുഡിഎഫ് നേതൃത്വവും മതേതരനിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന പ്രസ്താവന മാധ്യമങ്ങളില്‍ വന്ന ദിവസംതന്നെ കോണ്‍ഗ്രസ്, ബിജെപിക്കും വെല്‍ഫെയര്‍ പാര്‍ടിക്കും വോട്ട് ചെയ്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്. അധികാരത്തിനുവേണ്ടി ഇവര്‍ എന്തും ചെയ്യുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
സ്വന്തം അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയാത്ത അവിശുദ്ധവും ആപല്‍ക്കരവുമായ വര്‍ഗീയ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും ചേര്‍ന്ന ദേശവിരുദ്ധസഖ്യം ഉരുത്തിരിയുമെന്ന പരസ്യപ്രഖ്യാപനമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.