തന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ കറന്‍സിയില്‍ വിശദീകരണവുമായി കെഎം ഷാജി എംഎല്‍എ. പിടിച്ചെടുത്ത വിദേശ കറന്‍സി തന്റെ കുട്ടികളുടെ ശേഖരമാണെന്നാണ് കെഎം ഷാജി പറഞ്ഞത്. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, എത്ര രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടിച്ചതെന്ന് വിജിലന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വിദേശ കറന്‍സിയ്ക്കൊപ്പം 39,000 രൂപയും 50 പവന്‍ സ്വര്‍ണവും 72 ഡോക്യുമെന്റ്സുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംഎല്‍എയായ ശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കണ്ടെത്തി.
ഇന്നലെയാണ് കെഎം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. രണ്ടു വീടുകളിലും ഒരേ സമയമായിരുന്നു പരിശോധന. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷാജിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. റെയ്ഡ് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ അരകോടി രൂപയാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നാണ് കെഎം ഷാജി പ്രതികരിച്ചത്. വിജിലന്‍സിനെ ഉപയോഗിച്ച് പിണറായി വിജയന്‍ പകപോക്കുകയാണെന്നു ആരോപിച്ച എംഎല്‍എ രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നും വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.