കേരള ടൂറിസത്തിന്റെ അഭിമാനമുദ്രയായി ലോക നിലവാരത്തില്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്. ലോകടൂറിസം ഭൂപടത്തിലെ ഹോട്ട് സ്പോട്ടായ കോവളത്തിനു സമീപം വെള്ളാറിലാണ് കരകൗശല- കലാഗ്രാമം അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തു നില്‍ക്കുന്നത്.
എട്ടര ഏക്കര്‍ മനോഹരമായി ലാന്‍ഡ്‌സ്‌കേപ് ചെയ്തു നിര്‍മ്മിച്ച എംപോറിയം, ആര്‍ട്ട് ഗാലറി, സ്റ്റുഡിയോകള്‍, ഡിസൈന്‍ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. കുളം, മേള കോര്‍ട്ട്, ഗെയിം സോണുകള്‍, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറന്റ്, വാക്ക് വേകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടോയ്‌ലറ്റ് ബ്ലോക്കുകള്‍, ഓഫീസ്, അടുക്കള, റോഡുകള്‍, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ടൂറിസം വകുപ്പിന്റേതാണ് 750 കരകൗശല, കൈത്തൊഴില്‍ കലാകാരന്‍മാര്‍ക്ക് ഉപജീവനം ഒരുക്കുന്ന ഈ പദ്ധതി. ടൂറിസം വകുപ്പിനു കീഴില്‍ കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗ്ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിനെ ചുരുങ്ങിയകാലംകൊണ്ട് ആഗോളാംഗീകാരത്തിലേക്കു വളര്‍ത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജും പുനര്‍നിര്‍മ്മിച്ച് നടത്തുന്നത്.