വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കേരളത്തില്‍ യുഡിഎഫിന് വിജയ സാധ്യതയുള്ള ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കുമെന്നും മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ നിര്‍ബന്ധം പിടിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. നേരത്തെ മൂന്ന് തവണ മൂവാറ്റുപുഴയില്‍ നിന്ന് ജോണി നെല്ലൂര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1991, 1996, 2001 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്ന് തവണയാണ് ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ മത്സരിച്ച് ജയിച്ചത്. രണ്ട് തവണ മൂവാറ്റുപുഴയില്‍ നിന്ന് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൂവാറ്റുപുഴയില്‍ തന്നെ മത്സരിക്കാന്‍ നിര്‍ബന്ധം പിടിക്കില്ല. താനാണ് മൂവാറ്റുപുഴയിലെ സ്ഥാനാര്‍ത്ഥി എന്ന് പറയാന്‍ തനിക്ക് അവകാശം ഇല്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
‘ഒരുതവണ കൂടി നിയമസഭയിലേക്ക് മത്സരിക്കാനുള്ള എന്റെ ആഗ്രഹം യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും മത്സരിക്കാന്‍ സന്നദ്ധനാണെന്നും അറിയിച്ചു. മൂവാറ്റുപുഴയില്‍ ഞാനാണ് മത്സരിക്കുന്നതെന്ന് പറയാന്‍ എനിക്കെന്താണ് അവകശം. അത് തീരുമാനിക്കാന്‍ നേതൃത്വമുണ്ട്. എന്നെപോലെ മൂവാറ്റുപുഴയില്‍ ജനിച്ചവര്‍ വേറേയും ഇല്ലേ. അത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചില്ല.’ ജോണി നെല്ലൂര്‍ പറഞ്ഞു.
മൂവാറ്റുപുഴയില്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ മത്സരിക്കുമെന്നും അവിടെ താന്‍ മൂന്ന് തവണ മത്സരിച്ച് ജയിച്ച സീറ്റാണെന്നും ജോണി നെല്ലൂര്‍ നേരത്തെ പറഞ്ഞിരുന്നു. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫില്‍ നിന്നും ഉണ്ടായ ചില സംഭവങ്ങള്‍ എനിക്ക് ദുഃഖമുണ്ടാക്കിയിരുന്നു. എന്നാല്‍ താന്‍ അടിയുറച്ച ഒരു യുഡിഎഫ് പ്രവര്‍ത്തകനാണ്. തന്റെ പ്രവര്‍ത്തന ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് അതിന്റെ ഒരു വശം മാത്രമാണ് എന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെടുകയാണ് എങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കാനും താന്‍ തയ്യാറാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
തില്ലങ്കേരി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതുകൊണ്ട് അവിടെ യുഡിഎഫ് തകര്‍ന്നുവെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ‘തില്ലങ്കേരി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ആകെ 40 ശതമാനം വോട്ടാണ്. രണ്ട് മാസം മുമ്പ് നടന്ന വോട്ടെടുപ്പില്‍ വോട്ട് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ സന്‍മനസ് ഉണ്ടായില്ല. അവിടെ യുഡിഎഫ് തകര്‍ന്നുപോയെന്ന് ആരും കരുതണ്ട. യുഡിഎഫ് തകര്‍ച്ചയുണ്ടെയെന്ന് പറായന്‍ കഴിയില്ല.’ ജോണി നെല്ലൂര്‍ പറഞ്ഞു.
അതേസമയം സിപിഐയുടെ സിറ്റിംഗ് സീറ്റാണ് മൂവാറ്റുപുഴ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെ ആണ് യുഡിഎഫ് ഇറക്കിയത്. എന്നാല്‍ സിപിഐയുടെ എല്‍ദോസ് എബ്രഹാമിനോട് വാഴക്കന്‍ തോറ്റു. 70269 വോട്ട് നേടിയ എല്‍ദോ എബ്രഹാം 9375 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മൂവാറ്റുപുഴയില്‍ വിജയിച്ചത്.
ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് പോയതോടെ കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും തങ്ങള്‍ക്ക് വേണം എന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി കഴിഞ്ഞു. തൊടുപുഴയില്‍ പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് 15 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനുളള തീരുമാനം.