തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. തദ്ദേശഭരണ സ്ഥാപനങ്ങളെ പൂര്‍ണമായി കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദേശിച്ചതുപോലെ വികസന ഫണ്ട് 25 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തും. മെയിന്റനന്‍സ് ഫണ്ട് ആറ് ശതമാനത്തില്‍ നിന്ന് ആറര ശതമാനമായി ഉയര്‍ത്തും. ജനറല്‍ പര്‍പ്പസ് ഫണ്ട് മൂന്നര ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.
അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മഹാമരി തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതിയെന്ന് ധനമന്ത്രി പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീടുകളിലും ഒരു ലാപ്പ്‌ടോപ്പ് എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്പ്‌ടോപ്പ് വിതരണ പരിപാടി കൂടുതല്‍ വിപുലവും ഉദാരവുമാക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ അന്ത്യോദയാ വീടുകള്‍ എന്നിവര്‍ക്ക് പകുതി വിലക്കും മറ്റ് ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 25 ശതമാനം സബ്‌സിഡിയിലും ലാപ്പ്‌ടോപ്പ് നല്‍കും. ബാക്കി തുക കെഎസ്എഫ്ഇ മൈക്രോ ചിട്ടി വഴി 3 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലാപ്പ്‌ടോപ്പ് ലഭിക്കും. ഇതിനു വേണ്ട പലിശ സര്‍ക്കാര്‍ നല്‍കും.
സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു.
പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കൊവിഡ് അടക്കമുള്ള വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്റെ കാര്യത്തിലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലും കേരളത്തിന്റെ ആത്മവിശ്വാസം പ്രതീക്ഷയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും ധനമന്ത്രി പറഞ്ഞു.
ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ വികസന പാതയിലേക്ക് നയിക്കുന്നതായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. ഇതിന്റെ തുടര്‍ച്ചയാകും 2021-2022 ലേക്കുള്ള ബജറ്റ്. കൊവിഡാനന്തര വികസനത്തിന്റെ രൂപരേഖയാണ് ബജറ്റെന്നും മന്ത്രി പറഞ്ഞു.