രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് സിപിഐ യുവനേതാവ് കനയ്യ കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. ചൗധരിയുടെ പട്നയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ അധ്യക്ഷനായ കനയ്യ സിപിഐയുടെ തീപ്പൊരി നേതാവായാണ് അറിയപ്പെടുന്നത്. നിലവില്‍ സി.പി.ഐ. കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗമാണ്. എന്നാല്‍ കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ് കനയ്യ. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം കഴിഞ്ഞയാഴ്ച യുവനേതാവിനെതിരെ ശാസനാ പ്രമേയം അവതരിപ്പിച്ചിരുന്നു.
യോഗത്തില്‍ പങ്കെടുത്ത 110 പ്രതിനിധികളില്‍ മൂന്നു പേരുടെ പിന്തുണ മാത്രമാണ് കനയ്യയ്ക്ക് കിട്ടിയിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബേഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു തോറ്റ കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.