രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലിം കുമാറിനെ ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് കമല്‍ പറഞ്ഞു. സലിം കുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ല. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളുടെ അന്തിമ പട്ടിക ആയിട്ടില്ലെന്നും രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലിം കുമാറെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സലിംകുമാറിനെ ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് രാഷ്ട്രീയമെന്നായിരുന്നു സലിം കുമാര്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസ് അനുഭാവിയായതുകൊണ്ടാണ് ഐഎഫ്എഫ്കെയില്‍ തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നത്. തിരി തെളിയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.