തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണിന്റെ വാദം പൊളിയുന്നു. പൊലീസ് കേസെടുത്തത് സിഡബ്ല്യൂസി കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെന്ന് വിവരം. കൗണ്‍സിലിംഗ് നടന്നത് 2020 നവംബര്‍ 13നാണ്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് നവംബര്‍ 30നും ആണെന്ന് കണ്ടെത്തല്‍. കടയ്ക്കാവൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ 18നാണ്. ഇന്നലെ പൊലീസിന്റെ വാദം സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ തള്ളിയിരുന്നു.
സിഡബ്ല്യൂസി കൗണ്‍സിലിംഗില്‍ അമ്മയ്ക്ക് എതിരെ കുട്ടി ഗുരുതര ആരോപണമുയര്‍ത്തിയെന്നും റിപ്പോര്‍ട്ട്. പല തവണ അമ്മ മോശമായി പെരുമാറിയെന്നും കുട്ടിയുടെ മൊഴി. അമ്മ തന്നോട് ചെയ്തത് തെറ്റാണെന്ന ബോധ്യം ഇപ്പോള്‍ കുട്ടിക്കുണ്ടെന്നും സിഡബ്ല്യൂസി കണ്ടെത്തല്‍.
അതേസമയം കേസില്‍ ഐജിയുടെ അന്വേഷണത്തെ പിതാവ് സ്വാഗതം ചെയ്തു. ശരിയായ അന്വേഷണം നടക്കണമെന്നും കള്ളപ്പരാതി നല്‍കിയിട്ടില്ലെന്നും പിതാവ്. നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. നീതി ലഭിക്കാനായി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഐജിയുടെ അന്വേഷണം പ്രഖ്യാപിച്ചതില്‍ തൃപ്തരെന്നും യുവതിയുടെ പിതാവ്.