കോഴിക്കോട്: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പിണറായി സര്‍ക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവെച്ച സത്യങ്ങള്‍ പുറത്തുവരിക തന്നെ ചെയ്യും.
കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാരിന്റെ നീക്കവും കോടതി നിഷേധിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞു കഴിഞ്ഞു. ദേശീയ ഏജന്‍സികള്‍ക്കെതിരായി സമരം ചെയ്തത് പോലെ ഇനി ഹൈക്കോടതിക്കെതിരെയും സി.പി.എം സമരം ചെയ്യുമോ എന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ തടയിടാന്‍ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കാരണമാണ്. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്ന ബി.ജെ.പിയുടെ ആരോപണം കോടതി അംഗീകരിച്ചു.
ഈ വിധി അഴിമതിക്കെതിരായ പോരാട്ടത്തിന് കരുത്തുപകരും. സര്‍ക്കാര്‍ തലത്തില്‍ പ്രധാന ഫയലുകള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതിരുന്നതാണ് കേസിന്റെ വേഗതകുറയാനുണ്ടായ കാരണം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കൈവശം വെച്ചിരിക്കുന്ന എല്ലാ പ്രധാന ഫയലുകളും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.