ഗാനഗന്ധര്വന് കെ.ജെ യേശുദാസ് ഇന്ന് എണ്‍പത്തൊന്നാം പിറന്നാള്‍. എന്നാല്‍ പതിവ് മൂകാംബിക സന്ദര്‍ശനത്തിന് ഇത്തവണ ഗാനഗന്ധര്‍വന്‍ എത്തില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യേശുദാസിന്റെ തീരുമാനം. അമേരിക്കയിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് ഇപ്രാവശ്യത്തെ പിറന്നാള്‍ ആഘോഷം.
ആറ് പതിറ്റാണ്ടായി ഗാനാസ്വാദനത്തിന്റെ അതിരില്ലാ തലങ്ങള്‍ സമ്മാനിച്ച് മലയാളിക്കൊപ്പമുണ്ട് യേശുദാസ്. പല തലമുറകളുടെ വൈകാരിക ഭാവങ്ങളുടെ സ്വരമായി എണ്‍പത്തൊന്നാം വയസിലും, ശ്രുതി പിഴക്കാതെ, ഇടര്‍ച്ചയില്ലാത്ത ഈണത്തില്‍ പാടുകയാണ് മലയാളികളുടെ ഈ ഗാനഗന്ധര്‍വന്‍.
നാല്‍പത്തിയെട്ട് വര്‍ഷമായി ജന്മദിനത്തില്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദര്‍ശന പുണ്യം തേടുക യേശുദാസിന്റെ പതിവായിരുന്നു. കഴിഞ്ഞ പിറന്നാളിനും കുടുംബസമേതം അദ്ദേഹം മൂകാംബികയിലെത്തിരുന്നു. കോവിഡ് കാരണം ആ പതിവ് ഇത്തവണ അദ്ദേഹം വേണ്ടെന്നു വെച്ചു. വളരെ ലളിതമായ ആഘോഷമാണ് അമേരിക്കയിലെ വീട്ടില്‍ സംഘടിപ്പിക്കുക. ഗാനഗന്ധര്‍വന് സംഗീത ലോകം ആശംസകള്‍ നേര്‍ന്നു.